ഉഹ്ദ്- ചരിത്ര സ്മരണയിലൂടെ ഒരു തീർത്ഥ യാത്ര.

മദീനയുടെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്നു, 3533 അടി നീളമാണ് ഉയരം. പത്ത് കിലോമീറ്ററോളം ചുറ്റളവ് ഉണ്ടെങ്കിലും, മറ്റു മലകളിൽ നിന്ന് തീർത്തും ഒറ്റപ്പെട്ട് നില്‍കുന്നത് കൊണ്ടാണ് ഈ മലയ്ക്ക് "ഉഹ്ദ്" എന്ന പേര് വന്നത് എന്നാണ് ചരിത്രം...

ഉഹ്ദ് സ്വർഗത്തിലെ മലയാണെന്ന് പുണ്യനബി പരിചയപ്പെടുത്തി തന്നിട്ടുണ്ട്. നബി (സ) തങ്ങൾ പറയുമായിരുന്നു...
"ഉഹ്ദ് മല നമ്മെയും നമ്മൾ ഉഹ്ദിനെയും ഇഷ്ടപ്പെടുന്നു" എന്ന്...

ഇസ്ലാമിക ചരിത്രത്തിൽ നാഴിക കല്ലായി ഉഹ്ദ് മാറിയത്, ഹിജ്റ മൂന്നാം വര്‍ഷം ഇത് പോലൊരു ശവ്വാൽ 7ന് (3, 5 എന്നും അഭിപ്രായമുണ്ട്), മദീന തകർക്കാനായി മക്കയിൽ നിന്ന് അബൂസുഫ്യാൻ ബിൻ ഹർബിന്റെ നേതൃത്വത്തിൽ പുറപ്പെട്ട  3000ത്തിൽ പരം അവിശ്വാസികളെ, മുഹമ്മദ് നബി (സ) തങ്ങളും 650-700ഓളം അനുയായികളും തുരത്തി ഓടിച്ചതിന് ശേഷമാണ്.

ബദ്റിലെ പരാജയം മക്കക്കാർക്ക് കടുത്ത പ്രഹരമായി മാറുകയും, അത് മൂലം വന്ന മാനഹാനിയും ജീവഹാനിയും അവരിൽ പക വർദ്ധിക്കുകയും, ഖാലിദ് ബിൻ വലീദ്, ഇക്രിമത്ത് ബിൻ അബൂജഹൽ പോലെയുള്ള യുവനേതാക്കൾക്ക് യുദ്ധ കൊതി പടർന്ന് പന്തലിക്കുകയും ചെയ്തു. അബൂ സുഫ്യാന്റെ പത്നി തന്റെ അടിമയായ വഹ്ഷിക്ക് മോചനദ്രവ്യമായി നിശ്ചയിച്ചത് മുഹമ്മദ് നബിയുടെയോ, അല്ലെങ്കിൽ തന്റെ പിതാവിനെ ബദ്റിൽ വധിച്ച ഹംസയുടെയോ ശിരസ്സാണ്. 
മാത്രമല്ല...
യോദ്ധാക്കൾക്ക് വീര്യം പകർന്ന് മദ്യം വിളമ്പി ഹിന്ദിന്റെ നേതൃത്വത്തിൽ ഒരു പെൺപട തന്നെ യുദ്ധ കളത്തിലേക്ക് ആവേശത്തോടെ കുതിച്ചു നീങ്ങി.

അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന്റെ ദൂതൻ വഴി വിവരമറിഞ്ഞ പുണ്യനബി, ആയിരത്തോളം വരുന്ന അനുയായികളുമായി മദീനയിൽ നിന്ന് പുറപ്പെട്ടുവെങ്കിലും, കപടവിശ്വാസികളായ മുന്നോറോളം ആളുകൾ വഴിയിൽ വെച്ച് പിന്തിരിഞ്ഞു പോയി. അമ്പെഴ്ത്ത് വിദഗ്ധരായ അമ്പതോളം ആളുകളെ അബ്ദുല്ലാഹി ബിനു ജുബൈറിന്റെ നേതൃത്വത്തിൽ ജബലു റുമാത്ത് എന്ന ചെറിയൊരു കുന്നിൽ നബി അണിനിരത്തി അവരോട് പറഞ്ഞു, എന്റെ അനുമതി ഇല്ലാതെ താഴെ ഇറങ്ങരുതെന്ന്.
മക്കാ അവിശ്വാസികൾ കുന്നിന്റെ മുകളിൽ നിന്ന് വരുന്ന അസ്ത്രവും, മുന്നിൽ പൊരുതുന്ന വിശ്വാസികൾക്കും മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഉള്ളതൊക്കെ യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി..
അതൊടെ യുദ്ധത്തിൽ തങ്ങൾ ജയിച്ചെന്ന് കരുതി  യുദ്ധ മുതൽ കൈക്കലാക്കാനായി കുന്നിന്റെ മുകളിൽ നിലയുറപ്പിച്ച അധികമാളുകളും അബ്ദുല്ലാഹി ബിനു ജുബൈറിന്റെ വാക്കുകൾ അവഗണിച്ചു താഴേക്ക് ഇറങ്ങി വരുന്ന രംഗം ഓടിപ്പോകുന്ന ശത്രുക്കൾ ദൂരെ നിന്ന് വീക്ഷിച്ചു. അവർ ഈ അവസരം മുതലെടുത്ത് പിറകിലൂടെ വന്നു കുന്നിന്റെ മുകളിൽ അവശേഷിക്കുന്നവരെ വെട്ടി വീഴ്ത്തി വിശ്വാസികൾക്കിടയിലേക്ക് ശക്തമായി ഇരച്ചുകയറി. അപ്രതീക്ഷിതമായി വന്ന ഈ ഒരു ആഘാതം താങ്ങാനാവതെ പലരും ചിന്നിച്ചിതറി ഓടി. അവർക്ക് നടുവിലേക്ക് പുണ്യനബി ഇറങ്ങി നടക്കവേ, ശത്രുക്കൾ പുണ്യനബിയെ വധിക്കാനുള്ള ലക്ഷ്യവുമായി നബിയെ വളഞ്ഞു. അവരുടെ കൂട്ടത്തിൽ നിന്ന് ഒരുത്തൻ പുണ്യനബിയുടെ പൂമുഖത്തേക്ക് ഒരു കല്ല് കൊണ്ട് എറിഞ്ഞു. നബി തങ്ങളുടെ മുൻപല്ല് പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി.
നബിയുടെ ശിരസ്സിൽ മുറിവ് പറ്റി...
അവർ കുഴിച്ചു വെച്ച ഒരു കുഴിയിലേക്ക് നബി തങ്ങൾ വീണ സമയത്ത് ചില അനുയായികൾ വന്നു നബിയെ പിടിച്ചു എഴുന്നേല്പിച്ചു. മുഹമ്മദ് നബി മരണപ്പെട്ടു എന്ന കിംവദന്തി പരത്തി ശത്രുക്കൾ യുദ്ധഭൂമിയിൽ താണ്ഡവമാടി. പലരും ആ വാര്‍ത്ത കേട്ട് തളർന്നു. വിവരമറിഞ്ഞ ഉമ്മു അമ്മാറഃ, നസീബ (റ) പോലെയുള്ള യുദ്ധരംഗത്ത് ശുഷ്രൂഷക്കായി വന്ന സ്ത്രീകൾ പോലും പുണ്യനബിയുടെ അടുത്തേക്ക് ഓടി അണഞ്ഞു. നബിയുടെ നേരെ വരുന്ന അസ്ത്രങ്ങൾ അവരുടെ നെഞ്ച് കൊണ്ട് തടുത്തു അവർ നബിക്ക് സംരക്ഷണ കവചം തീർത്തു...
പരിശുദ്ധ ആത്മാവ് ജിബ്രീൽ മാലാഖ പാറപിളർത്തി നബി (സ) തങ്ങൾക്ക് ശത്രുക്കളുടെ ദൃഷ്ടിപതിയാത്ത സ്ഥലത്ത് ഇരിപ്പിടം ഒരുക്കി കൊടുത്തു. ഈ ചിത്രം സൂക്ഷ്മമായി വീക്ഷിച്ചാൽ ആ അടയാളങ്ങൾ കാണാം...

ഹിജ്റ 1439 റബീഉൽ അവ്വൽ 12ന് (2017 നവംബർ 30 വ്യാഴാഴ്ച) നബിദിനത്തിലാണ് ഞാനും സംഘവും ഉഹ്ദ് മലയുടെ താഴ്വാരത്ത് എത്തുന്നത്. ചുറ്റും കമ്പിവേലി കെട്ടി ഉള്ളിലേക്കുള്ള പ്രവേശനം അടച്ചിരുന്നു. കാര്യങ്ങൾ നമ്മുക്ക് പറഞ്ഞു തന്നവരും, നമ്മുടെ സംഘത്തിന്റെ അമീറും പറഞ്ഞു തന്നത്, മുമ്പൊക്കെ അവിടെ പ്രവേശനമുള്ള സമയത്ത്, നബി ഇരുന്ന സ്ഥലത്ത് ഒരു പ്രത്യേക സുഗന്ധം തന്നെ ഇന്നും ലഭിക്കാറുണ്ടായിരുന്നു എന്നാണ്.
പക്ഷെ...
നമ്മൾ അന്ന് പോയ നേരത്ത്, പാറ പിളർന്ന വിടവ് പോലും അവിടെ അടച്ചു വെച്ചതായിട്ടാണ് കാണാൻ കഴിഞ്ഞത്.

ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന്റെ പിതൃവ്യനായ ഹംസ (റ) അടക്കം 70 ആളുകൾ രക്തസാക്ഷികളായി. ശത്രു സൈന്യത്തിൽ നിന്ന്  മുപ്പത്തി അഞ്ചോളം പേർ വധിക്കപ്പെട്ടു.
ഹിന്ദിന്റെ അടിമയായ വഹ്ഷി തന്റെ ചാട്ടുളി ഹംസ  (റ) നെഞ്ചിലേക്ക് എറിഞ്ഞു, ശത്രുക്കൾ അദ്ദേഹത്തിന്റെ 2 കാലുകളും കൈകളും വെട്ടി നുറുക്കി. ശേഷം ഹിന്ദ് ഹംസയുടെ നെഞ്ച് പിളർന്ന് രക്തം എടുത്ത് തലയിൽ പുരട്ടി കരൾ കടിച്ചു പറിച്ചു ചവച്ചരച്ചു. പക്ഷേ, അത് ഉള്ളിലേക്ക് ഇറക്കാൻ സാധിക്കാതെ വന്നപ്പോൾ കരൾ പുറത്തേക്ക് തുപ്പി. അപ്പോഴും ഹംസയുടെ ധീരത ലവലേശം ചോർന്ന് പോയിട്ടില്ല. കലി ഒടുങ്ങാത്ത ഹിന്ദ് വലിയൊരു കല്ല് പൊക്കി ഹംസയുടെ (റ) തലയിലേക്ക് ഇട്ടു കൊന്നു കളഞ്ഞു..

പുണ്യനബിയുടെ ഒരു വാക്ക് ലംഘിച്ചത് കൊണ്ട് വലിയൊരു വിലയാണ് സമുദായം നല്കേണ്ടി വന്നത് എന്ന പാഠം അന്നത്തെ അനുയായികളെയും തുടർന്ന് ഇങ്ങോട്ട് ലോകാവസാനം വരെയുള്ള മുഴുവൻ ജനത്തിനുമായി അല്ലാഹു നിശ്ചയിച്ചതാണ്. നേതൃത്വത്തെ അവഗണിക്കുക വഴി സമുദായം ഒന്നടങ്കം അതിന്റെ പരിണിത ഫലം അനുഭവിക്കും എന്ന് ഉഹ്ദിലൂടെ മനസ്സിലാക്കിയ അനുയായികൾ, തുടർന്ന് അങ്ങോട്ട് അത്തരം കാര്യങ്ങൾ ഗൗരവമായി കാണാൻ തുടങ്ങുകയും, ഇസ്ലാം മതത്തിന് വമ്പിച്ച വിജയം കരസ്ഥമാക്കാനും അതു നിമിത്തം സാധിച്ചു...

ഉഹ്ദ് യുദ്ധത്തിന് ചുക്കാൻ പിടിച്ച അബൂ സുഫ്യാനു ബിനു ഹർബ്, അദ്ദേഹത്തിന്റെ പത്നി ഹിന്ദ്, ഹിന്ദിന്റെ അടിമയായ വഹ്ഷി, ഉപസൈന്യാധിപന്മാരായ ഖാലിദ് ബിൻ വലീദ്, ഇക്രിമത്ത് ബിൻ അബൂജഹൽ...
ഇവരൊക്കെ പിന്നീട് ഇസ്ലാമിലേക്ക് കടന്നു വന്നു അനിർവചനീയമായ പല പോരാട്ടങ്ങളും നടത്തി ഇസ്ലാമിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. കാരുണ്യകടലായ പുണ്യനബി മുഹമ്മദ് മുസ്തഫ (സ) തങ്ങൾ അവർക്കൊക്കെ മാപ്പ് നല്‍കി.
പള്ളികൾ പൊളിച്ചും മുസ്ലിമിനെ വധിച്ചും നടന്ന പലയാളുകൾ, വർത്തമാനകാലത്ത് ഇസ്ലാമിലേക്ക് സത്യം മനസ്സിലാക്കി കടന്നു വരുന്നതും ഉഹ്ദിന്റെ ചരിത്രം ആവർത്തിച്ചും കൊണ്ടാണ്...

ഉഹ്ദിലെ രക്തസാക്ഷികളെ അവിടെ തന്നെയാണ് അടക്കം ചെയ്തത്...
പുണ്യനബി ഇടയ്ക്കിടെ അവരുടെ ഖബറിടം സന്ദർശിക്കുമായിരുന്നു. തങ്ങളുടെ വഫാത്തിന്റെ ഏതാനും ദിവസം മുമ്പ് ഉഹ്ദ് സന്ദര്‍ശിച്ച് ദീർഘ നേരം അവര്‍ക്ക് വേണ്ടി നടത്തിയ പ്രാർത്ഥന പ്രശസ്തമാണ്....

സർവ്വശക്തനായ അല്ലാഹു ആ മഹത്തുക്കളോടു കൂടെ നമ്മെയും അവന്റെ അനുഗ്രഹീതമായ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.... ആമീൻ

Post a Comment

0 Comments