വിവാഹേതര ബന്ധങ്ങള്‍ ഇസ്‌ലാമിന്റെ നിലപാട്

 

     

വളരെ ചുരുങ്ങിയ മനുഷ്യജീവിതം സമാധാനത്തോടെയും സന്തോഷപൂര്‍വവും ആയിരിക്കേണ്ടതിന് സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച നിയമങ്ങളില്‍ ദാമ്പത്യജീവിതത്തിന് ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. വളരെ പവിത്രമായ ദാമ്പത്യജീവിതം തകരാതിരിക്കാന്‍ വേണ്ട നിയമനിര്‍ദ്ദേശങ്ങളെല്ലാം വ്യക്തമായി നല്‍കിയ മതമാണ് ഇസ്‌ലാം. ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജീവിതത്തില്‍ ഒരിക്കലും വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത വിള്ളലുകളുണ്ടാക്കുന്ന ഒന്നാണ് വിവാഹേതരമായ അനാവശ്യബന്ധങ്ങള്‍. ജീവിതം തകര്‍ന്നതിനുശേഷം പരസ്പരം പഴിചാരിയത് കൊണ്ട് ദുരഭിമാനം നിലനിര്‍ത്താമെന്നല്ലാതെ നഷ്ടപ്പെട്ട ജീവിതം പഴയപടി തിരിച്ചു ലഭിക്കുക സാധ്യമല്ല.

ഞാന്‍ ഇത് എഴുതുന്ന പശ്ചാത്തലം എനിക്ക് നേരിട്ടറിയാവുന്ന മൂന്ന് കുടുംബങ്ങള്‍ ഈ പ്രതിസന്ധിയിലൂടെ കടന്നുപോയതാണ്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ മൂന്ന് കുടുംബങ്ങളിലെ ദമ്പതിമാരും മറ്റുള്ളവരെ അസൂയപ്പെടുത്തുംവിധം സന്തോഷത്തോടെ ജീവിക്കുന്നവരായിരുന്നു എന്നതാണ്. ഈ മൂന്ന് കുടുംബങ്ങളിലെയും ഭാര്യമാര്‍ അന്യപുരുഷന്‍മാരുമായി തെറ്റായ ബന്ധങ്ങള്‍ തുടര്‍ന്നതിന്റെ പേരിലാണ് ഈ കുടുംബങ്ങള്‍ തകര്‍ന്നടിഞ്ഞത്. എത്രയോ ഉദാഹരണങ്ങള്‍ പത്രങ്ങളിലൂടെയും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും നാം കണ്ടതാണെങ്കിലും വീണ്ടും ഇതില്‍നിന്ന് ആരും പാഠമുള്‍ക്കൊള്ളാത്തത് എന്തുകൊണ്ടാണ്?

അന്യസ്ത്രീപുരുഷ ബന്ധങ്ങളുടെ പരിധി എത്രത്തോളമാണ്? ആരൊക്കെയായി നമുക്ക് ഇടപഴകാം? ഇസ്‌ലാമിക സാഹോദര്യം എന്നതിന്റെ പേരില്‍ ശരീഅത്ത് നിര്‍ണയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പാടുണ്ടോ? എന്നതിനെക്കുറിച്ചെല്ലാം നാം കൃത്യമായി മനസ്സിലാക്കുകയും നമ്മിലും നമ്മുടെ കുടുംബങ്ങളിലും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവെച്ച് ഇസ്‌ലാമിക വിരുദ്ധശക്തികള്‍ പലവിധ പദ്ധതികളും തയ്യാറാക്കുന്ന കാലഘട്ടത്തില്‍ വിശേഷിച്ചും.

പല പരപുരുഷ ബന്ധങ്ങളും തുടക്കത്തില്‍ കേവലസൗഹൃദമോ പരിചയമോ ആയിരിക്കും. എന്നാല്‍ മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാച് അത് സ്‌നേഹത്തിലേക്കും, പിന്നെ പ്രണയത്തിലേക്കും പിന്നീട് കാമത്തിലേക്കും എത്തിക്കും. തുടര്‍ച്ചയായി മനുഷ്യന്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ അത് വളരെ ചെറിയ തെറ്റായി തോന്നുക സ്വാഭാവികം. ഇസ്‌ലാമികമായ അറിവ് ഉള്ളവര്‍ വരെ ഈ തെറ്റില്‍ തുടരുന്ന അവസ്ഥ വളരെയധികം പരിതാപകരവും വേദനാജനകവുമാണ്. എന്ത് ചെയ്താലും പാപമോചനമുണ്ട് എന്ന് സമാധാനിച്ചിട്ടായിരിക്കും അറിവുള്ളവര്‍ ഈ തെറ്റുകളില്‍ ഏര്‍പ്പെടുന്നത്.

മുഹമ്മദ് നബി(സ)യുടെ സമുദായത്തിലെ മാതൃകാവനിതകളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നത് അവിടുത്തെ പത്‌നിമാരാണല്ലോ. സത്യവിശ്വാസികള്‍ക്ക് ഒന്നാകമാനം മാതാക്കളാണവര്‍. അവരോട് ശബ്ദം താഴ്ത്താനും അന്യരില്‍ നിന്ന് അകന്ന് നില്‍ക്കാനും അല്ലാഹു കല്‍പിക്കുന്നു. അവരുടെ വിശുദ്ധ പദവിക്ക് കോട്ടം വന്നുകൂടാ എന്ന് പ്രവാചകനും അതിയായി നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഉമ്മു സലമ(റ)യും മൈമുന(റ)യും റസൂലിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ആ സമയത്ത് അന്ധനായ സ്വഹാബി ഉമ്മി മയ്തൂം (റ) അവിടേക്കു കടന്നുവന്നു. ഹിജാബിന്റെ കല്‍പന വന്നതിനുശേഷമായിരുന്നു ഇത്. പ്രവാചകന്‍ (സ) ഭാര്യമാരോട് പറഞ്ഞു, അദ്ദേഹത്തെ തൊട്ട് നിങ്ങള്‍ മറ സ്വീകരിക്കുക. അപ്പോള്‍ ഉമ്മു സലമ (റ) ചോദിച്ചു: അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയോ അറിയുകയോ ചെയ്യില്ലല്ലോ? പ്രവാചകന്‍ (സ) പ്രതിവചിച്ചു, നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ അദ്ദേഹത്തെ കാണുന്നില്ലയോ?

സൗഹൃദത്തിന്റെയും പരോപകാരത്തിന്റെയും പേരില്‍ ഈ നിയമങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ആഘോഷവേളകളിലും അല്ലാത്തപ്പോഴും നമ്മുടെ വീടുകളിലെയും സദസ്സുകളിലെയും അനാവശ്യ ഇടകലരലുകള്‍ പലപ്പോഴും അതിരുവിട്ട ബന്ധങ്ങള്‍ വളരാന്‍ മൗനാനുവാദം നല്‍കുന്നു.

അബൂഉബൈദുല്‍ അന്‍സാരി (റ): പ്രവാചകന്‍ (സ) പള്ളിയില്‍നിന്ന് പുറത്തേക്കു വരുമ്പോള്‍ പറയുന്നതുകേട്ടു -അപ്പോള്‍ വഴിയില്‍ പുരുഷന്‍മാരും സ്ത്രീകളും കൂടിക്കലര്‍ന്നിരുന്നു- പ്രവാചകന്‍ (സ) സ്ത്രീകളോട് പറഞ്ഞു. നിങ്ങള്‍ പിന്തിനില്‍ക്കുക കാരണം വഴിയുടെ മധ്യഭാഗത്തുകൂടി നിങ്ങള്‍ നടക്കരുത്. നിങ്ങള്‍ വഴിയുടെ ഓരം ചേര്‍ന്നു നടക്കുക. ശേഷം സ്ത്രീകള്‍ ചുമരിനോടടുത്ത് നടക്കുമായിരുന്നു. ചുമരിനോടു ചേര്‍ന്നു നടക്കുന്നതിനാല്‍ അവരുടെ വസ്ത്രങ്ങള്‍ അതിനോട് ഉരസുമായിരുന്നു.

ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങള്‍ക്കായി സ്ത്രീകളുടെ അടുത്തേക്ക് പോകേണ്ടതായി വന്നാല്‍ തീര്‍ച്ചയായും അവരുടെ ഭര്‍ത്താക്കന്‍ മാരുടെ അനുവാദം ലഭിച്ചതിനുശേഷമേ പോകാവൂ എന്ന് സ്വഹാബി പ്രമുഖരുടെ നടപടിക്രമങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

അംറുബ്‌നു ആസ്വി(റ)ന്റെ അടിമയായ അബ്ദുറഹ്മാനിബ്‌നു സാബിത് (റ) പറയുന്നു: അംറുബ്‌നു ആസ്വ് (റ) അദ്ദേഹത്തെ അലി(റ)യുടെ അടുത്തേക്ക് അസ്മാഅ്ബിന്‍ത് ഉമൈസി(റ)ന്റെ അടുത്തു പോകാന്‍ സമ്മതം ചോദിക്കാന്‍ വേണ്ടി പറഞ്ഞയച്ചു. അങ്ങനെ അദ്ദേഹത്തിന് സമ്മതം നല്‍കപ്പെട്ടു. തിരിച്ചു പോരുമ്പോള്‍ അദ്ദേഹം അംറുബ്‌നു ആസ്വി(റ)നോട് അതേക്കുറിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരുടെ സമ്മതമില്ലാതെ അവരുടെ അടുത്ത് പോകുന്നത് പ്രവാചകന്‍ (സ) ഞങ്ങളോട് നിരോധിച്ചിരുന്നു.

പുരുഷന്‍മാര്‍ സമൂഹത്തിലെ പ്രധാനികളായാലും സാധാരണക്കാരായാലും അവര്‍ക്ക് സ്ത്രീകളുമായി സ്വതന്ത്രമായി ഇടപെടാന്‍ അധികാരമില്ല. അത്തരം ഇടപെടലുകള്‍ കുടുംബത്തിലും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിന് വര്‍ത്തമാനകാല സംഭവങ്ങള്‍ സാക്ഷിയാണ്. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും വാങ്ങാനായി മതപുരോഹിതന്‍മാരെയും മറ്റ് മാന്ത്രികന്‍മാരെയും സമീപിക്കുന്നവര്‍ അല്ലാഹുവും റസൂലും വെറുത്ത കാര്യങ്ങളാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നത് എന്ന് ചിന്തിക്കുകപോലും ചെയ്യുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതും അതിലേറെ ദുഃഖിപ്പിക്കേണ്ടതുമാണ്.

നരകത്തില്‍ സ്ത്രീകളാണ് കൂടുതല്‍ എന്ന് പ്രവാചകന്‍ (സ) പറഞ്ഞപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു, എന്താണിതിന്റെ കാരണമെന്ന്. കുഫ്ര്‍ എന്നാണ് പ്രവാചകന്‍ (സ) കാരണമായി പറഞ്ഞത്. പ്രസ്തുത കുഫ്‌റിന്റെ വിശദീകരണം നബി (സ) വ്യക്തമാക്കിയത് ഭര്‍ത്താക്കന്‍മാരോട് കാണിക്കുന്ന നന്ദികേടാണ് അതെന്നാണ്. ആളുകള്‍ക്ക് സംശയമുണ്ടാക്കുന്ന രീതിയില്‍ ഒരു പ്രവര്‍ത്തനങ്ങളും ദമ്പതിമാരില്‍ നിന്നുപോലും ഉണ്ടാകാന്‍ പാടില്ല എന്നാണ് നബി(സ)യുടെ നിലപാട്.

ഒരിക്കല്‍ നബി(സ)യും പത്‌നി സഫിയ്യ(റ)യും നടന്നുപോകുന്നത് ചില സ്വഹാബിമാര്‍ കണ്ടു. നബി(സ)യെ കണ്ടപ്പോള്‍ അവര്‍ വേഗം നടന്നു. നബിതിരുമേനി പറഞ്ഞു, ഇതെന്റെ ഭാര്യയാണ്. തന്നെപ്പറ്റി ആരും തെറ്റിദ്ധരിക്കരുത്  എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടാ യിരുന്നു.

അന്യപുരുഷന്‍മാരുമായി കൂടിക്കലരുമ്പോഴും അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോഴും ആളുകള്‍ സാധാരണ പറയാറുണ്ട്, ഞങ്ങള്‍ തമ്മിലുള്ള ബന്ധം തെറ്റായ രീതിയിലല്ല; അത് നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല, അല്ലാഹുവിനെ മാത്രം ബോധിപ്പിച്ചാല്‍ മതി എന്നൊക്കെ. എന്നാല്‍ മേല്‍സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത് ‘പരപുരുഷ, പരസ്ത്രീ ബന്ധം നമുക്കില്ല’ എന്ന വസ്തുതക്ക് കോട്ടം തട്ടുന്ന യാതൊരു സൂചനകളും നമ്മുടെ ജീവിതത്തില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല എന്നാണ്. ഇവ്വിഷയകമായി സംശയത്തിനുള്ള ഇടംകൊടുക്കാന്‍ പാടുള്ളതല്ല. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതിനും മുസ്‌ലിംകളുടെ ഐക്യം തകരുന്നതിനും അത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കും.

ലൈംഗികമായി സ്ത്രീകളില്‍ താല്‍പര്യമില്ലാത്ത ഷണ്ഡന്‍മാര്‍ പോലും അവരുടെ അടുത്തുവരുന്നത് നബി (സ) വിലക്കിയിരുന്നു. ആയിശ (റ) പറയുന്നു: ‘നബി(സ)യുടെ ഭാര്യമാരോട് ഒരിക്കല്‍ ഒരു ഷണ്ഡന്‍ സ്ത്രീകളെ വര്‍ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നബി (സ) അയാള്‍ വരുന്നതും പരസ്പരം സംസാരിക്കുന്നതും വിലക്കുകയുണ്ടായി.” ഭാര്യമാരുടെ വിഷയത്തില്‍ ഇത്ര ശക്തമായ നിലപാട് നബി (സ) എടുത്തത് അവരോടുള്ള സംശയം കൊണ്ടായിരുന്നില്ല എന്നു വളരെ വ്യക്തമാണല്ലോ.

ആയിശ(റ)യെക്കുറിച്ച് ചില വ്യക്തികള്‍ അപവാദം പറഞ്ഞപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി അല്ലാഹു അറിയിക്കും വരെ പ്രവാചകന്‍ (സ) അങ്ങേയറ്റം അസ്വസ്ഥനും ദുഖിതനുമായാണ് കാണപ്പെട്ടത്. പ്രസ്തുത വിഷയത്തില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിക്കുന്നതിനുമുമ്പായി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് പ്രമുഖരായ സ്വഹാബികളുമായി പ്രവാചകന്‍ (സ) കൂടിയാലോചന നടത്തുക വരെയുണ്ടായി.

വിവാഹബന്ധം നിഷിദ്ധമായവരല്ലാത്ത ആരുമായും തന്നെ സ്ത്രീ തനിച്ചാവാന്‍ പാടില്ലാത്തതാകുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളായാല്‍ പോലും ഈ വിഷയത്തില്‍ ഒരു ഇളവുമില്ല. ഉഖ്ബത്തുബ്‌നുആമിര്‍ (റ) പറയുന്നു: ‘സ്ത്രീകളുടെ അടുത്തുപോകുന്നത് നിങ്ങള്‍ സൂക്ഷിക്കുക. അപ്പോള്‍ അന്‍സ്വാരി ചോദിച്ചു: തിരുദൂതരേ, അപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരനോ? അവിടുന്ന് പറഞ്ഞു: ഭര്‍ത്താവിന്റെ സഹോദരന്‍ മരണമാകുന്നു.’

ഭര്‍ത്താവുമായി ഏറ്റവുമടുത്ത ബന്ധുക്കള്‍ പോലും സ്ത്രീകളുമായി തനിച്ചാവാന്‍ പാടില്ല എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളുടെ താല്‍പര്യം പരിഗണിച്ച് ഇസ്‌ലാമിലെ നിയമങ്ങള്‍ നിര്‍ബാധം ലംഘിക്കുന്നവര്‍ അതിന്റെ ഇഹപര വിപത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നതിന് യാതൊരു തര്‍ക്കവുമില്ല. ”നിങ്ങള്‍ ഗ്രന്ഥത്തിലെ ചിലതു വിശ്വസിക്കുകയും ചിലതു നിരാകരിക്കുകയും ചെയ്താല്‍ ഇഹലോകത്ത് നിന്ദ്യതയും പരലോകത്ത് കഠിനശിക്ഷയും ഉണ്ടാകും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.” (ക്വുര്‍ആന്‍)

ദാനധര്‍മങ്ങള്‍ നല്‍കുന്നത് ഇസ്‌ലാമില്‍ വളരെയധികം പുണ്യമുള്ള ആരാധനയാകുന്നു. പാപമോചനവും നരകമോചനവും ഉള്‍പ്പെടെ യുള്ള ഒരുപാട് പ്രതിഫലങ്ങള്‍ അതിനു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ധര്‍മം പോലും ഭര്‍ത്താവിന്റെ അനുവാദമില്ലാതെ നല്‍കാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ നിലപാട്.

അബൂഹുറൈറ (റ) പറയുന്നു: ‘ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭര്‍തൃഗൃഹത്തില്‍ നിന്നും ദാനം ചെയ്താലുള്ള വിധി എന്താണെന്ന് പ്രവാചകനോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: പാടില്ല. അവള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്നൊഴികെ. അതിന്റെ പ്രതിഫലം ഇരുവര്‍ക്കും കൂടിയുള്ളതാണ്. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്നും ദാനം ചെയ്യാന്‍ പാടില്ല.

സാമ്പത്തിക ഇടപാടുകള്‍ ഭര്‍ത്താവിന്റെ അനുവാദത്തോടുകൂടി മാത്രമേ നടത്താവൂ എന്ന് ഇതില്‍നിന്നു വളരെ വ്യക്തമാണ്. നല്ല ഭാര്യയുടെ ലക്ഷണമായി പ്രവാചകന്‍ (സ) എണ്ണിയത് ഇപ്രകാരമാണ്. ”നീ നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കുന്നവള്‍. നിന്റെ സമ്പത്ത് നിന്റെ അഭാവത്തിലും സൂക്ഷിക്കുന്നവള്‍. അവളുടെ ശരീരവും ചാരിത്ര്യവും അന്യപുരുഷന്‍മാര്‍ക്ക് കൊടുക്കാത്തവള്‍.”

വിവാഹത്തിനുമുമ്പ് ദമ്പതികളുടെ ജീവിതവിശുദ്ധിയെക്കുറിച്ചും ലൈംഗികസദാചാരത്തെക്കുറിച്ചും അന്വേഷിച്ചതിനുശേഷമേ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. വിവാഹത്തിനുമുമ്പ് ദമ്പതികളില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട ഉപാധികളായി പാതിവ്രത്യത്തെയും സദാചാരത്തെയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.

”ഇന്നിതാ എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ‘ക്ഷണം നിങ്ങള്‍ക്ക് അനുവദ നീയമാണ്. നിങ്ങളുടെ ‘ക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും -നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെ                   ങ്കില്‍–(നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്നപക്ഷം അവന്റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.” (അല്‍ മാഇദ: 5)

അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവര്‍ക്ക് മാന്യമായി വിവഹാമൂല്യം നല്‍കുക. എന്നാല്‍ അവര്‍ പതിവ്രതകളായിരിക്കുകയും പരസ്യമായി അവിഹിതബന്ധത്തിലേര്‍പ്പെടുകയോ രഹസ്യകാമുകന്‍മാരെ സ്വീകരി ക്കാതിരിക്കുകയും വേണം.” (അന്നിസാഅ്: 25)

ഈ ഉപാധിയെ ശക്തിപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ”വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.” (അന്നൂര്‍: 3)

അംറുബ്‌നു ശുഐബ് തന്റെ പിതാവില്‍നിന്നും അദ്ദേഹം പിതാമഹനില്‍നിന്നും ഉദ്ധരിക്കുന്നു. മര്‍സദുസ്‌നുഅബീമര്‍സദുല്‍ ഗനവി മക്കയില്‍ ബന്ധികളെ വഹിച്ചിരുന്നു. അക്കാലത്ത് മക്കയിലുണ്ടായിരുന്ന ഒരു അഭിസാരികയാണ് അനാഖ്. അവള്‍ മര്‍സദിന്റെ പരിചയക്കാരിയായിരുന്നു. അങ്ങനെയായിരിക്കെ ഞാന്‍ നബിയോട് ചോദിച്ചു: പ്രവാചകരേ അനാഖിനെ എനിക്ക് വിവാഹം ചെയ്യാമോ? അവിടുന്ന് മൗനം ദീക്ഷിക്കുകയാണ് ചെയ്തത്. അപ്പോള്‍ ” വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം ചെയ്യുകയില്ല” എന്ന വചനം അവതരിച്ചു. അവിടുന്ന് എന്നെ വിളിച്ച് പ്രസ്തുത സൂക്തം ഓതിക്കേള്‍പിച്ചുകൊണ്ട്  പറഞ്ഞു, നീ അവളെ വിവാഹം ചെയ്യേണ്ട.

മനുഷ്യവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയുമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മുസല്‍മാന്‍ അഭിസാരി കയുടെ ദ്രംഷ്ടകളില്‍ വീണുപോകരുതെന്നും ഒരു സത്യവിശ്വാസി അഭിസാരികയുടെ മുഷ്ടിയില്‍ അമരരുതെന്നും ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്.

പലതരം മാരകരോഗങ്ങളുടെ ഉറവിടമായ വ്യഭിചാരികളുടെ ശരീരങ്ങള്‍ക്കും മനസ്സുകള്‍ക്കും ഒരിക്കലും സൗഭാഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ സാധ്യമല്ല. മനുഷ്യകുലത്തെ മുഴുവന്‍ നിഷ്‌കാസിതമാക്കാന്‍ മാത്രം ശക്തമാണ് സിഫിലിസ്, ഗൊണോറിയ തുടങ്ങിയ അഭിശക്ത ലൈംഗിക രോഗങ്ങള്‍.

പലവിധ മാനസിക രോഗങ്ങളും ശാരീരിക രോഗങ്ങളും തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന സദാചാര ധ്വംസകര്‍ എങ്ങനെയാണ് ഒരുകുടുംബത്തിനും അതിന്റെ വലിയ രൂപമായ സമൂഹത്തിനും സംഭാവനകള്‍ അര്‍പ്പിക്കുക.

ഭാര്യയോ അല്ലെങ്കില്‍ ഭര്‍ത്താവോ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ഇസ്‌ലാമിന് കൃത്യമായ നിലപാടുണ്ട്. ഇവ്വിഷയകമായി പണ്ഡിതന്‍മാര്‍ പറയുന്നു. വിവാഹിതയായുള്ള സ്ത്രീ വ്യഭിചരിച്ചാല്‍ അവളുടെ നിക്കാഹ് ദുര്‍ബല പ്പെടുകയില്ല. പുരുഷന്റെ കാര്യവും അപ്രകാരം തന്നെ. എന്നാല്‍ അത്തരം ആളുകളുടെ വിവാഹബന്ധം വേര്‍പെടുത്ത ണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഹസന്‍, ജാബിറുബ്‌നു അബ്ദുല്ല, എന്നിവരില്‍നിന്നും ഉദ്ധരിക്കപ്പെടുന്നത് ഇങ്ങനെയാണ്. വിവാഹിതയായ സ്ത്രീ വ്യഭിചരിച്ചാല്‍ അവളെയും ഭര്‍ത്താവിനെയും വേര്‍പെടുത്തണം.’ ഈ അഭിപ്രായം തന്നെയാണ് അഹ്മദിനും.  അദ്ദേഹം പറഞ്ഞു. ‘അത്തരത്തിലുള്ള ഒരുത്തിയെ പിടിച്ചുനിര്‍ത്തണമെന്ന് എനിക്കഭിപ്രായമില്ല. അവള്‍ അവന്റെ വിരിപ്പ് മ്ലേച്ഛമാക്കുകയും അവന്റേതല്ലാത്ത കുഞ്ഞിനെ അവനിലേക്ക് ചേര്‍ക്കുകയും ചെയ്യുകയില്ലെന്നു ഉറപ്പിച്ചുകൂടാ…


Post a Comment

0 Comments