ഗൾഫിലെ ഭർത്താവ് ഭാര്യയോട് ചെയ്യുന്നത് കുറ്റകരമല്ലേ...

❓ഗൾഫു ഭർത്താവു കുറ്റക്കാരനല്ലെ

✅ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു. എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.❓


✅ഇല്ല. നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. 
📜തുഹ്ഫ : 7 - 440 , 41.

✒️നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം, നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല. കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്. ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ (റ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്. ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്.

✒️നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?!❓ തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്. ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും.

📜(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഒന്നാം ഭാഗം , പേജ് : 41 , 42)


❓ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അന്യര്‍ക്ക് ഭക്ഷണം കൊടുക്കാമോ


✅പെണ്ണ് ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങള്‍ നോക്കേണ്ട സ്ത്രീയാണ്. അപ്പോള്‍ അവന്റെ സമ്പത്ത് അന്യായമായി ചെലവഴിക്കാന്‍ പാടില്ല. അവന്റെ അഭാവത്തില്‍ വിരിപ്പിലോ സമ്പത്തിലോ വഞ്ചന നടത്തരുത്...

 ✒️ആയിഷ(റ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: നബിﷺ പറഞ്ഞു: ഒരു പെണ്ണ് അവളുടെ വീട്ടിലുള്ള ഭക്ഷണത്തില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ (ഭര്‍ത്താവിന്റെ തൃപ്തിയോടെ വീട്ടുകാര്‍, അതിഥികള്‍ പോലോത്തവര്‍ക്ക് ചെലവഴിക്കുന്നത്) അവള്‍ക്കതിനു കൂലി ലഭിക്കുന്നതാണ്. അത് സമ്പാദിച്ച ഭർത്താവിനും സൂക്ഷിച്ചവനും കൂലി ലഭിക്കും. ഓരോരുത്തരുടെയും കൂലി കൊണ്ട് മറ്റൊരാളുടെ കൂലി കുറയുകയില്ല📜.( صحيح البخاري )

 ✒️നബിﷺപറയുന്നു:  ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സമ്മതമില്ലാതെ (തൃപ്തിയില്ലാതെ) ഭക്ഷണം കൊടുക്കല്‍ ഒരു പെണ്ണിന് (ഭാര്യക്ക്) ഹലാലല്ല. കേടുവരുമെന്നുറപ്പുള്ള ഭക്ഷണം കൊടുക്കുന്നതിന് സമ്മതം വേണ്ട. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ കൊടുത്താല്‍ അവള്‍ക്കും കൂലി ലഭിക്കും. സമ്മതമില്ലാതെയോ തൃപ്തിയില്ലാതെയോ കൊടുത്താല്‍ ഭര്‍ത്താവിനു കൂലിയും ഭാര്യക്ക് കുറ്റവുമാണ് കിട്ടുക...
(شرح عقود اللجين في بيان حقوق الزوجين   / محمد بن عمر نووي الجاوي )
(വായിക്കുക,ജീവിതത്തിൽ പകർത്തുക , ഈ അറിവ് മറ്റുള്ളവരിലേയ്ക് എത്തിക്കുക !!!)
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين

Post a Comment

0 Comments