ളുഹാനിസ്കാരം

 ✍🏼അതിപ്രധാനങ്ങ  ളായ സുന്നത്ത് നിസ്കാരങ്ങളിലൊന്നാണ് ളുഹാ നിസ്കാരം. ളുഹാ എന്ന പദത്തിന് പ്രഭാതം എന്നാണർത്ഥം. ളുഹാ നിസ്കാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരുപാട് നബിവചനങ്ങളുണ്ട്. ചിലത് മാത്രം താഴെ ഉദ്ധരിക്കാം...

*📍പാപമോചനത്തിന് :*
          ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ നല്ലൊരു മാര്‍ഗമാണ് ളുഹാ നിസ്കാരം...

📜സഹ്ല്‍ (റ) പറയുന്നു : നബി ﷺ തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു : “ആരെങ്കിലുമൊരാള്‍ സ്വുബ്ഹി നിസ്കാരം നിര്‍വഹിച്ച ശേഷം അവിടെത്തന്നെയിരിക്കുകയും പിന്നീട് രണ്ട് റക്അത്ത് ളുഹാ നിസ്കരിക്കുകയും ചെയ്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും. അത് സമുദ്രത്തിലെ നുരപോലെ അധികരിച്ചാലും ശരി. രണ്ട് നിസ്കാരങ്ങള്‍ക്കിടയില്‍ നല്ലത് മാത്രമേ പറയാവൂ എന്ന നിബന്ധനയുണ്ട്...’’ 
  (അല്‍ മത്ജറുല്‍ റാബിഹ്)

📜ആഇശാ ബീവി (റ)യില്‍ നിന്ന് : “നബി ﷺ തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. “ഒരാള്‍ പ്രഭാത നിസ്കാരം നിര്‍വഹിക്കുകയും തുടര്‍ന്ന് ഭൗതിക കാര്യങ്ങളില്‍ വ്യാപൃതനാവാതെ അവിടെത്തന്നെയിരുന്ന് ദിക്ര്‍ ചൊല്ലുകയും പിന്നീട് നാല് റക്അത്ത് ളുഹാ നിസ്കരിക്കുകയും ചെയ്താല്‍ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ മുക്തനായി; തന്റെ മാതാവ് തന്നെ പ്രസവിച്ച ദിവസം പോലെ…’’ 
  (അല്‍ മത്ജറുര്‍റാബിഹ്: 105)

📜ളുഹാ നിസ്കാരം പതിവാക്കി വരുന്നവരെക്കുറിച്ച് ഹസ്റത്ത് അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. നബി ﷺ തങ്ങള്‍ പറഞ്ഞു: “ളുഹാ നിസ്കാരം രണ്ട് റക്അത്ത് പതിവാക്കി വരുന്നവനാരോ അവന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും. സമുദ്രത്തിലെ നുരകള്‍ കണക്കെ അത് അധികമായാലും‘’ 
  (തിര്‍മദി, ഇബ്നുമാജ)

*📍ധര്‍മ്മത്തിന് പകരം :*

📜അബൂദര്‍റ് (റ) നിവേദനം. നബി ﷺ തങ്ങള്‍ ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞു : “നേരം പുലരുമ്പോള്‍ നിങ്ങളിലോരോരുത്തരുടെയും എല്ലാ സന്ധികള്‍ക്കും ഓരോ തരത്തിലുള്ള ധര്‍മമുണ്ട്. ഓരോ തസ്ബീഹും ധര്‍മ്മമാണ്. അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ ദിക്റുകളിലോരോന്നും ധര്‍മ്മമാണ്. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ധര്‍മം തന്നെ. ഇവക്കെല്ലാം പകരം ളുഹാ സമയത്തുള്ള രണ്ട് റക്അത്ത് നിസ്കാരം (ളുഹാ നിസ്കാരം) മതിയാവുന്നതാണ്..."
  (മുസ്ലിം)

📜ബുറൈദ (റ) നിവേദനം : നബി ﷺ തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. മനുഷ്യശരീരത്തില്‍ മുന്നൂറ്റി അറുപത് സന്ധികളുണ്ട്. അവയിലോരോന്നിനും (നന്ദിയെന്ന നിലയില്‍) ധര്‍മം ചെയ്യാന്‍ മനുഷ്യന്‍ ബാധ്യസ്ഥനുമാണ്. ‘’ സ്വഹാബികള്‍ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരേ, ആര്‍ക്കാണതിന് സാധിക്കുക..?‘’ മറുപടിയായി നബി ﷺ തങ്ങള്‍ പറഞ്ഞു : “പള്ളിയില്‍ കാണുന്ന കഫം മണ്ണിട്ട് മൂടുക, വഴിയിലുള്ള പ്രയാസങ്ങള്‍ നീക്കം ചെയ്യുക. അതിനൊന്നും സാധിച്ചില്ലെങ്കില്‍ രണ്ട് റക്അത്ത് ളുഹാ നിസ്കരിക്കുക. മേല്‍ പറഞ്ഞതിനെല്ലാം അത് പകരമാവുന്നതാണ് ’’ 
  (അഹ്മദ്, അബൂദാവൂദ്, ഇബ്നു ഖുസൈമ)

*📍തിരുനബി ﷺ നല്‍കിയ ഉപദേശം :*

   തന്റെ സന്തത സഹചാരിയും പ്രിയ ശിഷ്യനുമായിരുന്ന ഹസ്റത്ത് അബൂഹുറൈറ (റ)വിനോട് തിരുനബി ﷺ ഉപദേശിച്ച ജീവിത ചിട്ടകളിലൊന്നുകൂടിയായിരുന്നു ളുഹാ നിസ്കാരം...
📜അബൂഹുറൈറ (റ) പറയുന്നു: “എന്റെ ആത്മ സുഹൃത്ത് അഥവാ നബി ﷺ തങ്ങള്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന് എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. ഞാനിതുവരെ അവ ഉപേക്ഷിച്ചിട്ടില്ല. ഇനി ഇപേക്ഷിക്കുകയുമില്ല. ഒന്ന്, വിത്ര്‍ നിസ്കരിക്കാതെ ഉറങ്ങരുത്. രണ്ട്, മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണം. മൂന്ന്, ളുഹാ നിസ്കാരം മുടങ്ങാതെ നിര്‍വഹിക്കണം. ഇവയാണാ വസ്വിയ്യത്തുകള്‍’’ 
  (മുസ്ലിം)

 അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് (റ) പറയുന്നു : “ ഒരിക്കല്‍ നബി ﷺ ഒരു സൈന്യത്തെ ധര്‍മ്മസമരത്തിനായി പറഞ്ഞയച്ചു. അവര്‍ക്ക് വലിയ ഗനീമത്ത് സ്വത്ത് ലഭിച്ചുവെന്ന് മാത്രമല്ല, അവര്‍ പെട്ടെന്നുതന്നെ മടങ്ങിവരികയും ചെയ്തു. സ്വഹാബികള്‍, സ്വാഭാവികമായും ഗനീമത്തിന്റെ ആധിക്യത്തെക്കുറിച്ചും പെട്ടെന്നുള്ള തിരിച്ചുവരവിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. അതുകേട്ട നബി ﷺ തങ്ങള്‍ പറഞ്ഞു : “ഇതിനേക്കാള്‍ വലുതും ആയാസരഹിതവുമായ വിജയത്തെക്കുറിച്ചും ഗനീമത്ത് സ്വത്തിനെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിക്കാം. ഒരാള്‍ അംഗശുദ്ധി വരുത്തുകയും പള്ളിയില്‍ പോയി രണ്ട് റക്അത്ത് ളുഹാ നിസ്കരിക്കുകയും ചെയ്യുന്നപക്ഷം അതാണ് ഇതിനേക്കാളും വലിയ വിജയവും വലിയ ഗനീമത്തും’’ 
  (അഹ്മദ്, ത്വബ്റാനി)

*📍സജ്ജനങ്ങളുടെ നടപടി :*

   ളുഹാ നിസ്കാരം സജ്ജനങ്ങളുടെ നടപടികളില്‍ പെട്ടതാണ്. നല്ലവര്‍ക്കല്ലാതെ അത് നിത്യമാക്കാന്‍ കഴിയില്ല... 

📜അബൂഹുറൈറ (റ) നിവേദനം : നബി ﷺ തങ്ങള്‍ പറഞ്ഞു: “ളുഹാ നിസ്കാരം അല്ലാഹുﷻവിലേക്ക് ഖേദിച്ച് മടങ്ങുന്നവരുടെ നിസ്കാരമാണ്. നല്ലവരല്ലാതെ അത് ശ്രദ്ധയോടെ നിര്‍വഹിക്കുകയില്ല’’ 
  (ത്വബ്റാനി).

📜അബൂദര്‍ദാഅ് (റ) നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു. ആരെങ്കിലും രണ്ട് റക്അത്ത് ളുഹാ നിസ്കാരം പതിവാക്കിയാല്‍ അശ്രദ്ധരിലായി അല്ലാഹുﷻ അവനെ രേഖപ്പെടുത്തുകയില്ല. നാല് റക്അത്ത് പതിവാക്കി വന്നാല്‍ അവനെ ആബിദീങ്ങളില്‍ എഴുതപ്പെടും. ആറ് റക്അത്ത് നിസ്കരിച്ച് വന്നാല്‍ ആ ദിവസം എല്ലാ ആപത്തുകളില്‍ നിന്നും അവന് രക്ഷ ലഭിക്കും. എട്ട് റക്അത്ത് നിസ്കരിച്ചാല്‍ അല്ലാഹു ﷻ അവന്റെ വിനീത ദാസ്യരില്‍ അവനെ ഉള്‍പ്പെടുത്തും. പന്ത്രണ്ട് റക്അത്ത് നിസ്കരിച്ച് ശീലമാക്കിയാല്‍ അല്ലാഹു ﷻ അവനായി സ്വര്‍ഗത്തില്‍ ഒരു ഭവനം പണികഴിപ്പിക്കും’’ 
  (ത്വബ്റാനി)

*📍ചെറിയ അധ്വാനം, വലിയ പ്രതിഫലം :*

   ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാവുന്നതും അതേസമയം വലിയ പ്രതിഫലം പ്രതീക്ഷിക്കാവുന്നതുമായ മഹത്തായൊരു കര്‍മ്മമാണ് ളുഹാ നിസ്കാരമെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു... 

📜അബൂഉമാമ (റ) നിവേദനം, തീര്‍ച്ചയായും നബി ﷺ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വുളൂഅ് ചെയ്ത് ഫര്‍ള് നിസ്കാരം നിര്‍വഹിക്കുന്നതിനായി പള്ളിയിലേക്ക് പുറപ്പെട്ടാല്‍ ഹജ്ജ് ചെയ്തതിന്ന് സമാനമാണ് പ്രതിഫലം. അതുപോലെ ളുഹാ നിസ്കാരത്തിനായി ഒരാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവന് ഒരു ഉംറ നിര്‍വഹിച്ചവന്റെ പ്രതിഫലമുണ്ട്. അതിനുവേണ്ടി മാത്രം കഷ്ടപ്പെടുന്നവനാണത് ലഭിക്കുക’’
  (അബൂദാവൂദ്)

📜മേല്‍പറഞ്ഞ സ്വഹാബിവര്യന്‍ തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്. നബി ﷺ പറയുന്നു : “സൂര്യന്‍ ഉദിച്ചുയര്‍ന്ന് അസ്തമിക്കാനാവുമ്പോഴുണ്ടാകുന്ന ഒരവസ്ഥ (കൂടുതല്‍ പ്രകാശമില്ലാത്ത സ്ഥിതി) സംജാതമാവുകയും അപ്പോഴൊരാള്‍ രണ്ട് റക്അത്ത് ളുഹാ നിസ്കരിക്കുകയും ചെയ്താല്‍ ആ ദിവസം ലഭിക്കാവുന്ന പരമാവധി പ്രതിഫലം അവന്‍ നേടിക്കഴിഞ്ഞു. അവന്റെ തെറ്റുകള്‍ പൊറുക്കപ്പെടുന്നതും അന്നേ ദിവസം മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുമാണ്’’ 
  (കന്‍സുല്‍ ഉമ്മാല്‍, മജ്മഉസ്സവാഇദ്)

📜ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി ﷺ തങ്ങള്‍ പറയുന്നു : “തീര്‍ച്ചയായും സ്വര്‍ഗത്തില്‍ “ളുഹാ’’ എന്ന് പേരുള്ള ഒരു വാതിലുണ്ട്. അന്ത്യനാള്‍ സമാഗതമായാല്‍ ഒരു മലക്ക് പ്രസ്തുത കവാടത്തിനരികില്‍ നിന്ന് വിളിച്ചു പറയും: “ളുഹാ നിസ്കാരം പതിവാക്കി വന്നവരെവിടെ..? ഇതാ നിങ്ങള്‍ക്കുള്ള വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുവീന്‍’’ 
  (ത്വബ്റാനി)

📜അനസ് (റ) നിവേദനം: നബി ﷺ തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. “ഒരാള്‍ ളുഹാ നിസ്കാരം പന്ത്രണ്ട് റക്അത്ത് നിസ്കരിച്ചാല്‍ അല്ലാഹു ﷻ അവനായി സ്വര്‍ഗത്തില്‍ ഒരു സ്വര്‍ണ മാളിക പണിയുന്നതാണ്’’ 
  (തിര്‍മദി, ഇബ്നുമാജ)

 സൂര്യൻ ഉദിച്ച് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞത് മുതല്‍ നട്ടുച്ച വരെയാണതിന്റെ സമയമെങ്കിലും പകലിന്റെ നാലിലൊന്ന് സമയമാകുമ്പോള്‍ അഥവാ സൂര്യോദയം കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് നിര്‍വഹിക്കുന്നതാണുത്തമം...

 ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത്ത്. കൂടിയാല്‍ എട്ട് റക്അത്ത് വരെയാവാം. എത്ര വേണമെങ്കിലും നിസ്കരിക്കാം എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. എന്നാലും നബി ﷺ തങ്ങള്‍ എട്ട് റക്അത്ത് മാത്രമേ നിസ്കരിച്ചിട്ടുള്ളൂവെന്നാണ് പ്രബലാഭിപ്രായം.

 ഈരണ്ട് റക്അത്തുകളായി നിസ്കരിച്ച് സലാം വീടുന്നതാണ് ഏറ്റവും ഉത്തമം. അങ്ങനെയാണ് നബി ﷺ തങ്ങൾ ചെയ്തിരുന്നത്.

 ളുഹാ നിസ്കാരത്തിന്റെ ആദ്യത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം "وَالشَّمْسِ وَضُحَاهَا" എന്ന് തുടങ്ങുന്ന സൂറത്തും"قُلْ يَا أَيُّهَا الْكَافِرُونَ" എന്ന് തുടങ്ങുന്ന സൂറത്തും, രണ്ടാം റക്അത്തിൽ  "وَالضُّحَىٰ" എന്ന് തുടങ്ങുന്ന സൂറത്തും "قُلْ هُوَ اللَّـهُ أَحَدٌ" എന്ന് തുടങ്ങുന്ന സൂറത്തും ഓതൽ സുന്നത്താണ്...

 പിന്നീടുള്ള റക്അത്തുകളിൽ ആദ്യത്തെതിൽ "قُلْ يَا أَيُّهَا الْكَافِرُونَ" എന്ന് തുടങ്ങുന്ന സൂറത്തും രണ്ടാമത്തെതിൽ "قُلْ هُوَ اللَّـهُ أَحَدٌ" എന്ന് തുടങ്ങുന്ന സൂറത്തും ഓതൽ സുന്നതാണ്...

 ളുഹാ നിസ്കാരത്തിന് ശേഷം ദുആ ചെയ്യൽ സുന്നത്താണ്. നബി ﷺ തങ്ങൾ പല ദുആകളും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment

1 Comments