സക്കാത്:ചിലസംശയങ്ങളും മറുപടിയും

‎‎‎‎‎‎‎‎‎‎‎‎‎‎‎1️⃣❓സ്ത്രീകളുടെ സ്വര്‍ണ്ണാഭരണത്തിന് എങ്ങനെയാണു സക്കാത്ത്? അത് അവര്‍ ധരിക്കുമ്പോഴും വീട്ടില്‍ സൂക്ഷിച്ച് വെക്കുമ്പോഴും ഉള്ള വ്യത്യാസം എങ്ങനെ..?

_✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
 
🅰️ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സക്കാത്ത് ചര്‍ച്ച ചെയ്യുന്നിടത്ത്, അനുവദനീയമായ ആഭരണത്തിന് സക്കാത്ത് ഇല്ലെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം പറയുന്നുണ്ട്. അനുവദനീയമായ ആഭരണം എന്നത് തീരുമാനിക്കേണ്ടത് നാട്ടുനടപ്പാണ്. അതനുസരിച്ച് നാട്ടുനടപ്പനുസരിച്ച് സാധാരണഗതിയിലോ പ്രത്യേക പരിപാടികളില്‍ പങ്കെടുക്കുമ്പോഴോ ധരിക്കാനുള്ള ആഭരണങ്ങളാണ് അനുവദനീയമായ ആഭരണങ്ങള്‍ എന്നതിന്റെ പരിധിയില്‍ വരിക. അതെപ്പോഴും ഉപയോഗിക്കണമെന്നില്ല, ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുന്നതായാലും മതി. അതല്ലാത്തതിന് സക്കാത്ത് നിര്‍ബന്ധമാകും. ആ പരിധി കഴിഞ്ഞ് ബാക്കി വരുന്നതിന്റെ രണ്ടര ശതമാനമാണ് സക്കാത്ത് ആയി നല്‍കേണ്ടത്.

2️⃣❓ശമ്പളത്തിന്റെ സക്കാത്ത്‌ എങ്ങിനെയാണ്‌? നിസാബ് തികയാനുള്ള പണം സ്വരൂപിച്ച് ഒരു വര്‍ഷം തികയണോ? വളരെ ചെലവ് കുറഞ്ഞയാള്‍ ആണെങ്കില്‍ അപ്പോള്‍ ഓരോ മാസവും സക്കാത്ത്‌ കൊടുക്കെണ്ടയോ..?

_✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ്_
 
🅰️ ശമ്പളം എന്നതിന് പ്രത്യേകമായി സക്കാത്ത് വരുന്നില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സക്കാത്ത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സക്കാത്ത് നിര്‍ബന്ധമാവുക. രണ്ടര ശതമാനമാണ് നല്‍കേണ്ടത്. അഥവാ, ഉയര്‍ന്ന ശമ്പളക്കാരനാണെങ്കിലും അത്ര തന്നെ ചെലവായിപ്പോകുന്നുമുണ്ടെങ്കില്‍ അയാള്‍ക്ക് സക്കാത്ത് വരില്ല, മറിച്ച് കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും മാസാമാസം വല്ലതും കരുതിവെക്കുന്നുണ്ടെങ്കില്‍ അത് കണക്കെത്തി വര്‍ഷം തികയുമ്പോള്‍ സക്കാത്ത് നിര്‍ബന്ധമാവുകയും ചെയ്യും.

3️⃣❓പള്ളി, മദ്രസ, മറ്റു മതസ്ഥാപനങ്ങള്‍ പോലോത്തവക്ക് സക്കാത്ത് നൽകാമോ? മുഴുവനോ അധികമോ വിദ്യാർത്ഥികളും അവകാശികളാണെങ്കിൽ പറ്റുമോ..?*

_✍🏼മറുപടി നൽകിയത് : മുബാറക് ഹുദവി അങ്ങാടിപ്പുറം_
 
🅰️ മതസ്ഥാപനങ്ങള്‍ക്കോ അനാഥ-അഗതി മന്ദിരങ്ങള്‍ക്കോ റിലീഫ് കമ്മിറ്റികള്‍ക്കോ സക്കാത്ത് നല്‍കിയാല്‍ സക്കാത്ത് വീടുകയില്ല.

 സക്കാത്തിന്‍റെ അവകാശികളായി പറയപ്പെട്ട വ്യക്തികള്‍ക്കാണ് സക്കാത്ത് നല്‍കേണ്ടത്. സക്കാത്ത് നൽകുന്നതിന് മൂന്ന് രീതികളാണുള്ളത്.

● ഉടമ അവകാശികളെ നേരില്‍കണ്ട് നല്‍കുക.
● മറ്റൊരു വ്യക്തിയെ വക്കാലത്താക്കി ഏല്‍പ്പിക്കുക.
● ഇസ്ലാമിക ഭരണകൂടമുള്ളിടത്ത് സക്കാത്ത് ഖലീഫയെയോ ഖലീഫ പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തപ്പെടുത്തിയവരെയോ ഏല്‍പ്പിക്കുക.

 ഇസ്ലാമിക ഭരണകൂടമില്ലാത്തിടത്ത് സ്വയം നല്‍കുകയോ മറ്റൊരാളെ വക്കാലത്താക്കുകയോ മാത്രമാണ് വഴിയുള്ളത്. സ്വന്തമായി നൽകലാണുത്തമം. മറ്റൊരാളെ വക്കാലത്താക്കിയാലും പണമായി നല്‍കേണ്ട സക്കാത്ത് പണമായി തന്നെ അവകാശികളിലേക്കെത്തണം. ഭക്ഷണമായോ, കിറ്റുകളായോ, വസ്ത്രങ്ങളായോ സക്കാത്ത് കൊടുത്താല്‍ വീടുകയില്ല...

 വക്കാലത്താക്കിയ വ്യക്തി അവകാശികള്‍ക്ക് എത്തിക്കാതിരുന്നാല്‍ സക്കാത്ത് നല്‍കേണ്ട വ്യക്തിയുടെ ബാധ്യത വീടുകയില്ല.

 സ്ഥാപനങ്ങൾക്കോ കമ്മിറ്റികള്‍ക്കോ സക്കാത്ത് നല്‍കുമ്പോള്‍ അത് വക്കാലത്താണെന്ന് തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്. വക്കാലത്ത് വ്യക്തിയെയാണ് ഏല്‍പ്പിക്കേണ്ടത്. നാം സക്കാത്ത് സ്വത്ത് ഏല്‍പ്പിക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്‍റ്/സെക്രട്ടറി ഇന്നൊരാളും നാളെ വേറൊരാളുമായേക്കാം. നാം നല്‍കിയ സക്കാത്ത് വിതരണം ചെയ്യപ്പെടുന്നതിന് മുമ്പ് ആള് മാറിയേക്കാം. ഇതെങ്ങനെ വക്കാലത്താകും.

 സക്കാത്ത് വക്കാലത്ത് എന്ന പേരില്‍ വാങ്ങുകയും അത് ഭക്ഷണമോ, കിറ്റോ, വസ്ത്രങ്ങളോ, മരുന്നുകളോ, ഉപയോഗവസ്തുക്കളോ ഒക്കെ വാങ്ങിക്കൊടുക്കുന്ന കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും കാര്യംഅത്യതികം അപടകടകരമാണ്.

 പള്ളിപോലെയുളള സ്ഥാപനങ്ങള്‍ പരിപാലിക്കുന്നത് പോലെയുളള പൊതുനന്മകള്‍ക്ക് വേണ്ടി കടം വാങ്ങിയ വ്യക്തികള്‍ക്ക് ആ കടം വീട്ടുന്നതിന് വേണ്ടി കടക്കാരനെന്ന നിലക്ക് സക്കാത്ത് വാങ്ങാവുന്നതാണ്.

4️⃣❓ഒരാൾ ഒരു കച്ചവടത്തിൽ സ്വർണം ഷെയര്‍ ആയിട്ട് കൊടുത്തു. 22പവൻ സ്വർണം. അയാൾ ഓരോ വർഷം സ്വർണത്തിന്‍റെ സക്കാത്ത് കൊടുക്കുന്നു. അതിനു പുറമെ ഷെയര്‍ കൂടിയ കച്ചവടത്തിന്‍റെ സക്കാത്തും കൊടുക്കണോ..?*

_✍🏼മറുപടി നൽകിയത് : മുബാറക് ഹുദവി അങ്ങാടിപ്പുറം_

 🅰️ ശറഈ നിബന്ധനകള്‍ ഒത്ത ശരിയായ രീതിയിലുള്ള പങ്കുകച്ചവടമാണ് (ശിര്‍കത്ത്) ആണ് നിങ്ങള്‍ ഇവിടെ നടത്തിയതെങ്കില്‍ കച്ചവടത്തില്‍ 22 പവന്‍ സ്വര്‍ണം മുടക്കുമുതലായി ഇറക്കുന്നതോടെ പിന്നെ സക്കാത്ത് ബന്ധപ്പെടുന്നത് കച്ചവടത്തിന്‍റെ പേരിലാണ്. 22 പവന്‍ സ്വര്‍ണം കച്ചവടച്ചരക്ക് വാങ്ങാനും കച്ചവടത്തിന്‍റെ മറ്റു ആവശ്യങ്ങള്‍ക്കായും ചിലവഴിച്ചിരിക്കുമല്ലോ. 22 പവന്‍ സ്വര്‍ണമാണ് കച്ചവടച്ചരക്കെങ്കിലും അങ്ങനെതന്നെ. വര്‍ഷം തികയുമ്പോള്‍ ചരക്ക് വില കെട്ടി കണക്കാക്കിയ ശേഷം ഓരോ കൂറുകാരനും അവനവന്‍റെ ഓഹരിയനുസരിച്ചുള്ള വിഹിതത്തിന് സക്കാത്ത് നല്‍കേണ്ടതാണ്.

 ഒരാള്‍ക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താന്‍ പ്രയാസമാകുമ്പോള്‍ മറ്റൊരാളെ കച്ചവടത്തിന് ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള് (സംരംഭകത്വ പാര്‍ട്ട്ണര്‍ഷിപ്പ്) എന്നാണ് പേര്. 22 പവന്‍ സ്വര്‍ണത്തിന്‍റെ ഉടമയായ താങ്കള്‍  കച്ചവടം നടത്താന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് ഉടമയും നടത്തിപ്പുകാരനും ലാഭത്തില്‍ കൂറുള്ള കച്ചവടമാണെങ്കില്‍ അത് മേല്‍പറഞ്ഞ ഖിറാള് കച്ചവമാണ്. ഇവിടെ നടത്തിപ്പുകാരന്‍ അധ്വാനം മാത്രമാണ് മുടക്കുന്നത്. അപരന്‍ പണവും. ലാഭവിഹിതത്തില്‍ രണ്ടാളും പങ്കുകാരാകുന്നു. അപ്പോള്‍, കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ കടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും വിലകെട്ടി, മൊത്തം ലാഭം അതിലേക്ക് ചേര്‍ത്തിട്ട് അതിന്റെ രണ്ടരശതമാനം സക്കാത്ത് നല്‍കണം. മൊത്തം സംഖ്യയില്‍ നിന്നു സക്കാത്ത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

 സ്വര്‍ണക്കച്ചവടക്കാരനും കച്ചവടത്തിന്‍റെ സക്കാത്താണ് നല്‍കേണ്ടത്. ആയതിനാല്‍ കടയിലുള്ള സ്വര്‍ണത്തിന്‍റെ രണ്ടര ശതമാനല്ല സക്കാത്ത് നല്‍കേണ്ടത്. കടയിലുള്ള മൊത്തം ചരക്കിന് മാര്‍ക്കറ്റ് വിലയനുസരിച്ച് വില കെട്ടിയ ശേഷം അതിന്‍റെ രണ്ടര ശതമാനമാണ് സക്കാത്ത് നല്‍കേണ്ടത്. സ്വര്‍ണത്തിന് കച്ചവടത്തിന്‍റെ സക്കാത്ത് നിര്‍ബന്ധമായാല്‍ പുറമെ സ്വര്‍ണത്തിന്‍റെ സക്കാത്ത് വേറെ നല്‍കേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

      

Post a Comment

1 Comments