തിരിച്ചറിവ് :വിട്ടുവീഴ്ച ചെയ്യൽ


📌 എന്നെ അത്രമേൽ വേദനിപ്പിച്ച അവന് ഞാൻ മാപ്പ് കൊടുക്കുകയോ..?

     ✍🏼എന്നെ കണ്ടിട്ടും അവഗണിച്ചു പോയ അവനെ ഞാൻ പരിഗണിക്കുകയോ..?
എന്റെ ദൂഷ്യതകൾ പറഞ്ഞുനടന്ന അവനെ ചേർത്തു പിടിക്കുകയോ..? 
അതിന് ഈ ഞാൻ വേറെ ജനിക്കേണ്ടിവരും..." 

 കേട്ടിട്ടുണ്ടാവും നമ്മൾ ഇത്തരം പരിദേവനങ്ങൾ,
പറഞ്ഞിട്ടുണ്ടാവും നമ്മൾ ഇത്തരം പരാതികൾ,
പക്ഷേ, പാപത്തെയല്ല പാപിയെത്തന്നെ വെറുപ്പോടെ മാറ്റിനിർത്താനാണ് നമ്മുടെ മനസ്സെപ്പോഴും തപിക്കാറുള്ളത്. 
മാപ്പു കൊടുക്കാനല്ല, മാപ്പപേക്ഷിക്കാൻ വന്നവനെ ഒരുപാഠം പഠിപ്പിക്കാനാണ് നമ്മൾവ്യഗ്രത കാണിക്കാറുള്ളത്. 

 "സാരമില്ലടാ" എന്ന് നമ്മളൊന്ന് മൊഴിഞ്ഞാൽ ഈ പ്രപഞ്ചമൊക്കെയും ലഭിക്കുമാറ് നമ്മെ വിഷമിപ്പിച്ചവൻ സന്തോഷിക്കുമായിരുന്നിട്ടും ഒരു വാക്ക് വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചിരുന്നില്ല. 

 വിട്ടുവീഴ്ച്ചയേക്കാൾ വലിയ സമ്മാനമില്ലെന്നും, സ്നേഹത്തേക്കാൾ വലിയ പ്രതികാരമില്ലെന്നുമുള്ള ഉപബോധ മനസ്സിന്റെ തിരിച്ചറിവിനൊപ്പം തിരിഞ്ഞുനടക്കാൻ നമുക്കെന്തോ പ്രയാസമാണ്...

 എങ്കിൽ, വിശ്വാസി ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകാ ജീവിതംകൊണ്ട് പ്രശോഭനമാക്കിയ മുത്തുനബിﷺയുടെ സഹനത്തിന്റെ, ത്യാഗത്തിന്റെ, വിട്ടുവീഴ്ചയുടെ ജീവിത പുസ്തകം ഒന്നു മറിച്ചുനോക്കൂ... 

 പ്രവാചക തിരുമേനിﷺയുടെ വലം കൈ ആയിരുന്ന ഹംസ(റ)വിനെ വിഷം പുരട്ടിയ അമ്പുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ അടിമയായ വഹ്ശ്(റ) മാപ്പ് നൽകിയ, അതേ ഹംസ(റ)വിന്റെ നെഞ്ചു പിളർത്തി കരൾ പറിച്ചെടുത്ത് കടിച്ചു തുപ്പിയ ഹിന്ദ് (റ)ന് മാപ്പ് നൽകിയ പ്രവാചക (ﷺ) ജീവിതം എത്രമേൽ മാതൃകാപരമാണ്. 

 ഇതേ ഹിന്ദ് (റ) വിന് സർവ്വ സന്നാഹങ്ങളും, സഹായങ്ങളും ഒരുക്കി കൊടുത്തിരുന്ന ഖാലിദ് (റ) വിനെ ഇസ്ലാമിന്റെ പടവാളാക്കി മാറ്റിയ പ്രവാചക പുംഗവരുടെ അനുയായികളല്ലേ നമ്മൾ..! 

 മക്കാ വിജയവേളയിൽ എല്ലാവർക്കും മാപ്പ് കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ചകിതനായ് പ്രച്ഛന്ന വേഷം ധരിച്ചു വന്ന, പ്രവാചകരെ (ﷺ) കവിതകൾ കൊണ്ട് നിരന്തരം ക്രൂശിച്ചിരുന്ന കഅബുബ്നു സുഹൈർ (റ) നെ ചേർത്തുപിടിച്ച് കവിത ചൊല്ലിപ്പിച്ച പ്രവാചക (ﷺ) ജീവിതം വായിച്ചവരല്ലേ നമ്മൾ... 

 ത്വാഇഫിന്റെ തെരുവിൽ ശത്രുക്കളുടെ കരിങ്കൽച്ചീളുകളാൽ രക്തം പൊടിയുമ്പോഴും ജിബ്രീൽ (അ) നോട് മാപ്പ് നൽകാൻ അഭ്യർത്ഥിക്കുന്ന മുത്തുനബിﷺയുടെ അനുയായികളായ നമ്മൾ പരസ്പരം മാപ്പ് നൽകിയില്ലെങ്കിൽ പിന്നെ ഇസ്ലാം ആരിലൂടെയാണ് ജീവിക്കുക..!

 അതുകൊണ്ട്, ഇന്നു തന്നെ "പോട്ടെടാ.. സാരമില്ല" എന്ന നിങ്ങളുടെ ഒരു വാക്കിന്റെ കരുത്തിൽ തളിർക്കുന്ന, ഒരു മെസ്സേജിന്റെ  ബലത്തിൽ ചിരിക്കുന്ന സ്നേഹ ജീവിതങ്ങളെ സമ്പാദിക്കാനാവട്ടെ നമുക്ക് എന്ന് പ്രാർത്ഥിക്കുന്നു.

Post a Comment

0 Comments