കുടുംബ ജീവിതം


📌 'അമ്മായിമ്മ' ഒരിക്കൽ മരുകളായവളല്ലേ; 'മരുമകൾ' അമ്മായിമ്മ ആകാനുള്ളവളും..?!

     ✍🏼മരുമക്കത്തായ രീതിയനുസരിച്ചുള്ള ഒരു വീട്. അവിടെ കയറി വരുന്ന പുതിയ പെണ്ണ്. അവൾക്ക് താങ്ങാവേണ്ടത് ഭർത്താവിന്റെ ഉമ്മയാണ്. 

 'അമ്മായിമ്മ' യാകുന്നതോടെ പിന്നെ ചില മാറ്റങ്ങളൊക്കെ ആ ഉമ്മയിൽ പ്രകടമായി തുടങ്ങുന്ന ഒരു പതിവുണ്ട്. അടുത്ത കാലത്ത് അതിന് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും 'പരമ്പരാഗത' അമ്മായിമ്മ ആയി തന്നെ തുടരാൻ ആഗ്രഹിക്കുന്ന ചിലരും നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് തന്നെ
ഇല്ലാതില്ല. അമ്മായിമ്മയും മരുമകളും തമ്മിലുള്ള ബന്ധമാണ് ഈ കുറിപ്പിലെ വിഷയം...

 കല്യാണത്തോടെ ഒരു ആണിന്റെയും അവന്റെ പെണ്ണിന്റെയും ജീവിതത്തിന് പുതിയൊരു തലം കൈവരികയാണ്. രണ്ടുപേര് തമ്മിലുള്ള ഈ ദാമ്പത്യത്തിന്റെ ഊഷ്മളതയെ നിശ്ചയിക്കുന്നത് അവർ മാത്രമല്ല. മറിച്ച് ഭർത്താവിന്റെ ഉമ്മക്കും ഇവരുടെ പരസ്പര ബന്ധത്തിൽ കാര്യമായി സ്വാധീനിക്കാനാകും.

 വിഷയത്തിലേക്ക് കടക്കും മുമ്പ് ഒരു കഥയാവാം. അമ്മായിമ്മ-മരുമകൾ വിഷയത്തിൽ സാധാരണ കേട്ടുവരുന്ന ഒരു കഥ. കഥ ഇങ്ങനെ...

 ഏതോ നാട്ടിലെ ഒരു പാവം മരുമകൾ. തന്റെ അമ്മായിമ്മയുടെ ബുദ്ധിമുട്ട് സഹിക്കാൻ ആകാതെ ഒരു പ്രതിവിധിയെ കുറിച്ച് ആലോചിച്ചു. അവസാനം ആരുമറിയാതെ സ്വന്തം
ഭർത്താവിന്റെ ഉമ്മയെ കൊല്ലാൻ തന്നെ തീരുമാനിച്ചു. അതിന് എന്തുവഴി സ്വീകരിക്കുമെന്നായി പിന്നെ ചിന്ത..!! 

 അങ്ങനെയാണ് തന്റെ പദ്ധതി അവതരിപ്പിച്ച് മരുമകൾ ഒരു ഡോക്ടറുടെ അടുത്ത് എത്തുന്നത്. ആരുമറിയാതെ പടിപിടിയായി അമ്മായിമ്മയെ കൊല്ലാൻ പറ്റുന്ന ഒരു വിഷമാണവൾക്ക് വേണ്ടത്. ദിവസവും താൻ രാത്രി വെള്ളത്തിൽ അല്പം കലർത്തി അമ്മായിമ്മക്ക് കൊടുക്കും. അവസാനം ഒരു ദിവസം അത് പൂർണമായി വർക്ക് ചെയ്ത് അമ്മായിമ്മ മരിക്കണം. അതൊരു സാധാരണ മരണമായേ ആരും കരുതൂ...

 അവളുദ്ദേശിക്കുന്ന തരത്തിൽ കൊല്ലുന്നതിന് അനുയോജ്യമായ ഒരു പച്ചമരുന്നുണ്ടെന്നും അത് തരാമെന്നുമായി ഡോക്ടർ. അവൾക്ക് വളരെ സന്തോഷം. മരുന്ന് വാങ്ങി തിരിച്ചുവരുമ്പോൾ ഡോക്ടർ അവളെ ഒന്നുകൂടെ അടുത്തു വിളിച്ചു. പ്രത്യേകം ഉപദേശിച്ചു. അമ്മായിമ്മയോട് കൂടുതൽ
നല്ല രീതിയിൽ പെരുമാറണം. എങ്കിലെ ആർക്കും സംശയം തോന്നാതിരിക്കുകയുള്ളൂ... ഇക്കാലത്തിനിടക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആകെ കുഴപ്പമാകും. പ്രത്യേകം ശ്രദ്ധിക്കണം.

 അവൾ തലയാട്ടി. വീട്ടിൽ വന്ന് അവൾ സ്വകാര്യമായി തന്റെ പദ്ധതി നടപ്പാക്കി തുടങ്ങി. ഡോക്ടർ പറഞ്ഞതനുസരിച്ച് നേരത്തെതിലും നല്ല രീതിയിൽ അമ്മായിമ്മയോട് ഇടപെട്ടു തുടങ്ങി. കുറച്ച് കാലം കഴിഞ്ഞപ്പോൾ അമ്മായിമ്മയുടെ സ്വഭാവത്തിലും നല്ല മാറ്റം വന്നു. 

 സ്വന്തം ഉമ്മയെക്കാളും അമ്മായിമ്മ തന്നെ സ്നേഹിച്ചു തുടങ്ങിയതു പോലെ. അവൾക്ക് പിന്നെ കുറ്റബോധം തുടങ്ങി. തന്നെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാളെയാണോ താൻ കൊല്ലാൻ
ശ്രമിക്കുന്നതെന്ന് അവൾ ആലോചിച്ചു ദുഖിച്ചു...

 അവൾ പഴയ ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു: “ഡോക്ടർ എന്റെ അമ്മായിമ്മ നല്ല സ്നേഹമുള്ള ഉമ്മയാണ്. ഞാൻ വിഷം കൊടുത്ത് തുടങ്ങിയ ശേഷമാണ് എനിക്കത് മനസ്സിലായത്. എനിക്കവരെ കൊല്ലണ്ട. ഇതുവരെ ഞാൻ അവർക്ക് കൊടുത്ത മരുന്നിന് പ്രതിവിധിയായി മറ്റൊരു മരുന്ന് തരണം. എനിക്ക് അവരെ മരണത്തിന് വിട്ടുകൊടുക്കാൻ വയ്യ ഡോക്ടർ. എന്റെ അമ്മായിമ്മയെ രക്ഷിക്കണം.”

 ഡോക്ടർ അവളോട് പ്രതിവചിച്ചു:
 “ഇല്ല പെങ്ങളെ, ആ പച്ചമരുന്നിൽ ഒരു വിഷവുമില്ലായിരുന്നു. വിഷം നിങ്ങൾ രണ്ടു പേരുടെയും മനസ്സിലായിരുന്നു. അതില്ലാതാക്കാൻ വേണ്ടിയുള്ള ചികിത്സയാണ് ഞാൻ നടത്തിയത്. അമ്മായിമ്മയോട് നല്ല രീതിയിൽ പെരുമാറണമെന്ന് നിന്നോട് പ്രത്യേകം
പറഞ്ഞത് അതു കൊണ്ടാണ്.”

📍മരുമക്കളോട്...

   കഥയിലേതു പോലെ യഥാർത്ഥത്തിൽ നമ്മുടെ സ്നേഹവും പരിപാലനവും
അമ്മായിമ്മയുടെ മുമ്പിൽ പ്രകടിപ്പിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. പരസ്പരം
അറിഞ്ഞു പെരുമാറാൻ കഴിയുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിജയം. പുതിയ ഒരു വീട്ടിലെത്തിയ പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയായിരിക്കും. അത് നമ്മൾ മരുമക്കൾ മനസ്സിലാക്കണം.

 ഒരുപക്ഷെ അമ്മായിമ്മയെക്കാളും വിദ്യാഭ്യാസം മരുമക്കളായ നമുക്ക് തന്നെയാണല്ലോ. പുതിയ കാലത്ത് പ്രത്യേകിച്ചും. അതു കൊണ്ട് തന്നെ നമുക്ക് ലഭിച്ച ഉയർന്ന വിദ്യാഭ്യാസത്തിന്റെ പക്വത നാം കാണിക്കണം. അതൊരു ഈഗോയുടെ ഭാഗമാക്കി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

 പ്രായോഗിക ജീവിതത്തിൽ പരാജയപ്പെടുന്നുവെങ്കിൽ ഏത് ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ടും ഒരു കാര്യവുമില്ല. ജീവിതത്തിന്റെ പൊള്ളുന്ന പരീക്ഷകളെ വിജയിക്കാനായാൽ മാത്രമെ
വിദ്യാഭ്യാസം കൊണ്ട് കാര്യമുള്ളൂ.
അമ്മായിമ്മയുടെ സ്വഭാവപ്രകൃതി മനസ്സിലാക്കാൻ മരുമകൾക്ക് ആയാൽ തന്നെ ഏകദേശം പ്രശ്നങ്ങളെല്ലാം തീരും. 

 ഉദാഹരണത്തിന്, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെ നന്മകളെ കുറിച്ച് അമ്മായിമ്മ ഒരിക്കലും പുകഴ്ത്തിപ്പറയുന്നില്ലെന്ന് വെക്കുക. എന്നാൽ അറിയാതെ പോലും വന്നുപോയ ചെറിയ തെറ്റുകളെ കുറിച്ച്, നല്ലനിലയിൽ തന്നെ, നിങ്ങളോട് നേരിട്ട് സൂചിപ്പിക്കുന്ന സ്വഭാവക്കാരിയുമാകാം. അത് ആലോചിച്ച് നിങ്ങൾക്ക് ടെൻഷനാകാൻ വരട്ടെ. അതിനു മുമ്പ് അമ്മായിമ്മയുടെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കിയാൽ മതി. 

 നിങ്ങളുടെ അമ്മായിമ്മയുടെ പ്രകൃതിസ്വഭാവം അനുസരിച്ച്
നന്മകളെ പുകഴ്ത്തുന്ന ഒരു രീതി ഇല്ലായിരിക്കും. നിങ്ങളോട് മാത്രമല്ല, സ്വന്തം മക്കളോടും അവർ അതെ രീതി തന്നെയാകും തുടരുന്നത്. അത് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ
അനാവശ്യമായ ചിന്തകൾ നിങ്ങളിൽ കടന്നു കൂടില്ലല്ലോ. അതിലുപരി ഇനി താനാസ്ഥാനത്തെത്തുമ്പോൾ സ്വന്തം മരുമക്കളോട് എങ്ങനെ പെരുമാറണമെന്നതിന് ഒരു പാഠവുമായല്ലോ...

 ഉമ്മയുടെ സ്വഭാവരീതികളെ കുറിച്ച് ഭർത്താക്കൾ ഭാര്യക്ക് പറഞ്ഞുകൊടുക്കണം. ചിലപ്പോൾ ഉള്ള കാര്യങ്ങൾ തുറന്നു പറയുന്നത് ഇഷ്ടമില്ലാത്ത ആളായിരിക്കും ഭർത്താവിന്റെ ഉമ്മ. അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾക്ക് പറയാനുള്ളത് എല്ലാ അവരോട് പറയുന്ന സ്വഭാവം ഒഴിവാക്കണം. 

 ചിലപ്പോൾ ഒന്നും പറയാതിരിക്കുന്നതായിരിക്കും  അവർക്ക് ദേശ്യം. എന്നാൽ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു ശീലിക്കണം. അതായത് അവരെ കൂടി സന്തോഷിപ്പിക്കുക എന്നുള്ളത് ഭർത്താവിനെ തന്നെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമാണ് എന്നർത്ഥം. ഏതായാലും സ്വന്തം മകന്റെ ജീവിതം തകരണമെന്ന് ഒരു ഉമ്മയും ആഗ്രഹിക്കില്ലല്ലോ...

📍അമ്മായിമ്മമാരോട്...

   പലപ്പോഴും ചില തെറ്റായ ധാരണകൾ അമ്മായിമ്മയുടെ മനസ്സിൽ കടന്നുകൂടാറുണ്ട്. ചാനലുകളിലെയും സിനിമയിലെയുമെല്ലാം അമ്മായിമ്മ കഥാപാത്രങ്ങൾ അവരുടെ ചിന്തകളെ അരക്കിട്ടുറപ്പിക്കുയും ചെയ്യുന്നു. നാല് കാമറ വെച്ച് ഷൂട്ട് ചെയ്യുന്ന സീരിയലല്ല നമ്മുടെ കുടുംബജീവിതം എന്ന ബോധം നമുക്കുണ്ടാകണം. 

 താനിത്രയും കാലം വളർത്തി വലുതാക്കിയ മകനെ പുതുതായി വന്ന പെണ്ണ് സ്വന്തമാക്കിയെന്ന ഒരു തോന്നലിലാണ് അമ്മായിമ്മമാരുടെ ചിന്തകൾ മാറിത്തുടങ്ങുന്നത്
എന്നത് മനശാസ്ത്രപഠനത്തിലൂടെ തെളിയിക്കപ്പെട്ട ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആ ചിന്ത തന്നെ തെറ്റാണ്. 

 കാരണം ഏതോ ഒരു ഉമ്മ പെറ്റുവളർത്തി വലുതാക്കിയ മകളെയാണ് നിങ്ങളുടെ മകൻ സ്വന്തമാക്കിയിരിക്കുന്നത്. എന്നുമാത്രമല്ല, നിങ്ങളുടെ മകൻ നിങ്ങളോടൊത്ത് തന്നെ നിങ്ങളുടെ വീട്ടിലുണ്ട്. എന്നാൽ അവരുടെ മകളോ..? അവളവരെ വിട്ടുപിരിഞ്ഞ് നിങ്ങളുടെ മകന് വേണ്ടി നിങ്ങളുടെ കൂട്ടത്തിൽ വന്നു...

 മന:ശാസ്ത്രപരമായി ഇപ്പറഞ്ഞ ചിന്തക്ക് ഒരു അടിസ്ഥാനവുമില്ല. മരുമകളും അമ്മായിമ്മയും തമ്മിൽ ഒരു ഗ്യാപ്പുണ്ട്. തലമുറയുടെ വിടവാണത്. രണ്ടുപേരും രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്നവരാണ്. സ്വന്തം പെണ്മക്കളുടെ കാര്യത്തിൽ ഈ
തലമുറ ഗ്യാപ്പ് മനസ്സിലാക്കി പ്രവർത്തിക്കുന്ന ഉമ്മമാർക്ക് പോലും മരുമകളുടെ കാര്യത്തിൽ ഈ ചിന്ത വരുന്നില്ലെങ്കിൽ അത് ഏറെ പരിതാപകരമാണ്...

 പിന്നെയുള്ളത് മരുമകൾ വളർന്ന കുടുംബസാഹചര്യം നമ്മൾ മനസ്സിലാക്കണം എന്നതാണ്. കാരണം ഒരേവീട്ടിലേക്ക് കെട്ടിക്കൊണ്ടു വന്ന വിവിധ മരുമക്കൾ വിവിധ കുടുംബത്തില്
നിന്നുള്ളവരായിരിക്കും. ഓരോ കുടുംബത്തിനും ഓരോ കുടംബപശ്ചാത്തലമായിരിക്കുമല്ലോ. 

 നേരത്തെ നമ്മുടെ വീട്ടിലെത്തിയ മരുകളുമായിട്ട് ഇന്നലെ പുതുതായി വന്നവളെയും നാം ഇന്ന് താരതമ്യം ചെയ്തു തുടങ്ങും. അത് തീരെ
ശരിയല്ല. കാരണം അവളുടെ രണ്ടുപേരുടെയും ജീവിത സാഹചര്യം വിഭിന്നമാണ്. അത് രണ്ടിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു കുടുംബപശ്ചാത്തലമായിരിക്കും നിങ്ങളുടെ വീട്ടിലേത്. അതുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. അതേകുറിച്ച്
ഭർത്താവിന്റെ വീട്ടുകാർക്ക് ബോധമുണ്ടാകണം. 

 ചിലത് അവൾക്ക് മനസ്സിലാക്കാൻ
കഴിയണമെന്നില്ല. അതു നാമായിട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതായി വരും. ഒരു
പക്ഷെ നിങ്ങളുടെ ആദ്യത്തെ മരുമകളെ സംബന്ധിച്ചിടത്തോളം അവളുടെ വീട്ടുപശ്ചാത്തലം നിങ്ങളുടെതിന് കുറച്ചൊക്കെ സമാനമായിരുന്നിരിക്കാം. അത് അത്ര തന്നെ സമാനമായിരിക്കണമെന്നില്ല പുതിയവളുടെ കാര്യത്തിൽ.

 അതിന് നാം ചെയ്യേണ്ടത് സമാനമായ കുടുംബ പശ്ചാത്തലമുള്ളിടത്ത് നിന്ന് തന്നെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതാണ്. അതില്ലെങ്കിൽ പിന്നെ അവളെ നമ്മുടെ പശ്ചാത്തലവുമായി കാലക്രമേണ ഇണക്കുകയെന്നതാണ്. അതില്ലാതെ അവളുടെ സ്വഭാവത്തെ കുറിച്ച് കുറ്റം പറയുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. 

 ചുരുക്കത്തിൽ, രണ്ടു പേരും പരസ്പരം തിരിച്ചറിഞ്ഞും പരസ്പരം സഹകരിച്ചും നടത്തിക്കൊണ്ടു പോകാനുള്ളതാണ് ഒരു കൂട്ടുകുടുംബം. അതില്ലാതെ, ചാനലിലെ  'അമ്മായി അമ്മ' പരിപാടിയിൽ പങ്കെടുത്തതു കൊണ്ടാന്നും കാര്യമില്ല. ഇടയ്ക്കിനി ഒരു പ്രശ്നമുണ്ടായാൽ തന്നെ അത് പരിഹരിക്കാനുള്ള ശ്രമം രണ്ടു ഭാഗത്ത് നിന്നും ഉണ്ടാകണം. അതില്ലാതെ പരസ്പരം ഈഗോ കാണിച്ച് നിങ്ങളുടെ മകനെ ഭർത്താവിനെ ബുദ്ധിമുട്ടിക്കാനാകരുത് ശ്രമിക്കുന്നത്.

Post a Comment

0 Comments