🌙 മാസനിർണ്ണയം 🌙കണക്കും കലണ്ടറും🌙

മണികഫാന്‍ നേരെന്ന് ഉറപ്പിക്കുന്ന കാര്യങ്ങളിലെ നേരില്ലായ്മയും അദ്ദേഹം പുറത്തിറക്കുന്ന ഹിജ്‌റ കലണ്ടറിലെ മാസനിര്‍ണ്ണയത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും അവയിലെ നിരര്‍ത്ഥകതയും പരിശോധിക്കുക ഉചിതമായിരിക്കും...

മാസനിര്‍ണ്ണയത്തിന് മൂന്ന് കാര്യങ്ങളാണ് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ബേസ് ചെയ്യുന്നത്.

📍1) ന്യൂമൂണ്‍

   ചന്ദ്രന്റെ പരിക്രമണ ഘട്ടത്തില്‍ ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ ദിശയിലെത്തുന്ന (സന്ധി-ഇസ്തിറാന്‍) ആണ് ന്യൂമൂണ്‍ അവസ്ഥ. 29 ദിവസം 12 മണിക്കൂര്‍, 44 മിനിറ്റാണ് ഒരു ന്യൂമൂണില്‍ നിന്ന് അടുത്ത ന്യൂമൂണിലേക്കുള്ള ദൈര്‍ഘ്യം. ഈ സമയമാണ് ശാസ്ത്രാടിസ്ഥാനപ്രകാരം ഒരു മാസത്തിന്റെ ദൈര്‍ഘ്യം.

📍2) അന്തര്‍ദേശീയ ദിനരേഖ

   സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി ദിവസം നിര്‍ണ്ണയിക്കുന്നതിന് ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ കാലത്ത് മനുഷ്യര്‍ നിര്‍മ്മിച്ച സാങ്കല്‍പിക രേഖയാണിത്. സീറോ ഡിഗ്രി മെറിഡിയന്‍ ഗ്രീന്‍വെച്ച് അക്ഷാംശത്തിന്റെ എതിര്‍ദിശയില്‍ സ്ഥിതിചെയ്യുന്ന ന്യൂസിലാണ്ട്, ഫിജി ഭാഗത്തിലൂടെ ഈ രേഖ വളഞ്ഞും തിരിഞ്ഞും പോകുന്നു.

 (ഗ്ലോബ് പരിശോധിക്കുക) ഇത് പ്രകാരം ദിനാരംഭം ന്യൂസിലാന്റ്, ഫിജി ഭാഗത്തുനിന്നായിരിക്കും. മണികഫാന്റെ വാദപ്രകാരം മാസം ആദ്യമാരംഭിക്കുക ഈ പ്രദേശത്തുകാര്‍ക്കായിരിക്കും.

📍3) രാജ്യാന്തര സമയം

   പരമ്പരാഗതമായി സീറോ ഡിഗ്രി സൗരദിനത്തിന്റെ ആരംഭം കുറിച്ചിരുന്നത് ഉച്ചക്കായിരുന്നു. 1925-ല്‍ ജി.എം.ടി. എണ്ണുന്ന രീതിയില്‍ മാറ്റമുണ്ടായതിന്റെ ഫലമായി ദിവസം ആരംഭിക്കുന്നത് രാത്രി 12 മണി മുതലായി. പിന്നീടത് 1928-ല്‍ ഇന്റര്‍നാഷണല്‍ ഒബ്‌സര്‍വേറ്ററി സ്റ്റാന്‍ഡേര്‍ഡ് സമയത്തിന്റെ പദവിയായ സീറോ മെറിഡിയനിനെ രാജ്യാന്തര സമയം എന്നാക്കി മാറ്റി. (മലയാളം എന്‍സൈക്ലോപീഡിയ 1/682)

 ഇതു പ്രകാരം ന്യൂമൂണുണ്ടായത് രാത്രി 12 മണിക്കിപ്പുറമാണെങ്കില്‍ (ഉദാ: 11 pm) അടുത്ത പകല്‍ ഒന്നും 12 pmന് അപ്പുറമാണെങ്കില്‍ (ഉദാ: ഉച്ചക്ക് 1  മണി) രണ്ടാമത്തെ പകല്‍ ഒന്നുമായിരിക്കും.

📍വാദങ്ങളിലെ നിരര്‍ത്ഥകത

🌏ഭൂമിയുടെ ഘടന ഗോളാകൃതിയാണെന്നും സൂര്യ-ചന്ദ്രന്മാരുടെ ഉദയാസ്തമനങ്ങള്‍, ഗതികള്‍ ഇവയെല്ലാം ഓരോ പ്രദേശത്തും വ്യത്യസ്തമാണെന്നും മനസ്സിലാക്കിയാല്‍തന്നെ ആഗോള ഇസ്‌ലാമിക് കലണ്ടര്‍ നിരര്‍ത്ഥകമാണെന്ന് ബോധ്യപ്പെടും.

🗓ഒരേ സമയത്തു തന്നെ ഭൂമിയില്‍ രണ്ട് ഡേറ്റുകള്‍ നിലനില്‍ക്കുന്നുവെന്നിരിക്കെ (ഉദാ: 27-10-08ന് നമുക്ക് 12 മണിയാകുമ്പോള്‍ അമേരിക്കയില്‍ 26-10-08 12 ആയിരിക്കും.) ലോകത്തുള്ള എല്ലാവര്‍ക്കും ഒരേ ഡേറ്റ് എന്ന സങ്കല്‍പം ഒരിക്കലും ശരിയാകില്ല.

📣ഇസ്‌ലാമിലെ ചന്ദ്രമാസ നിര്‍ണ്ണയത്തിനാധാരം ന്യൂമൂണല്ല, ഹിലാല്‍ ആണ് എന്നത് പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടു കഴിഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഹിലാലിന് ന്യൂമൂണ്‍ എന്നര്‍ത്ഥം വെച്ച് ‘കാണുക’ എന്നതിന് ‘അറിയുക’ എന്നുമാണ് തിരുനബി ഉദ്ദേശിച്ചത് എന്ന് സങ്കല്‍പിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്ന് ചിന്തിക്കാനും വയ്യ.

✍കാരണം, ഹിലാലിന് തഫ്‌സീറുകളായ തഫ്‌സീറുകളൊക്കെ പ്രഥമ ദൃഷ്ടിയില്‍ വരുന്ന ബാലചന്ദ്രന്‍ എന്ന രീതിയിലാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. റാസി 5/120, ഇബ്‌നു കസീര്‍ 1/45, ജാമിഉല്‍ അഹ്കാം 1/341-ലൊക്കെ ഇത് കാണാം. ന്യൂമൂണ്‍ അവസ്ഥയ്ക്ക് മിഹാക് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇല്‍മുല്‍ ഹൈഅയുടെ ഗ്രന്ഥങ്ങളിലും ഇത് കാണാം.

🎍ഹദീസിലെ ‘സ്വൂമൂലി റുഅ്‌യതിഹി’ എന്നതിന് ‘അറിയുക’ എന്നര്‍ത്ഥം പറയാനും നിര്‍വ്വാഹമില്ല. അങ്ങനെ ഒരര്‍ത്ഥം അംഗീകൃത പണ്ഡിതന്മാരും നല്‍കിയിട്ടില്ല. എന്നു മാത്രമല്ല, അസ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം ചെയ്ത ‘തറാഅന്നാസു അല്‍ ഹിലാല’ എന്ന ഹദീസിന് (ബുലൂഗുന്‍ മറാം 131) ‘തകല്ലഫ ബിന്നള്‌രി’ എന്നാണ് ഹദീസ് വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഇബ്‌നു ഉമര്‍ ഇങ്ങനെ ഹിലാല്‍ നോക്കിയിരുന്നുവെന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

🌏ന്യൂമൂണ്‍ അടിസ്ഥാനത്തിലുള്ള മാസദൈര്‍ഘ്യം 29 ദിവസവും 12 മണിക്കൂറും 42 മിനിറ്റുമാണ്. ഇതുപ്രകാരം മാസം നിശ്ചയിച്ചാല്‍ മാസം മുപ്പതുമുണ്ടാകും എന്ന നബി വചനത്തിന് പ്രസക്തിയില്ലാതാവും. ബുദ്ധിപരമായും ന്യൂമൂണ്‍ അടിസ്ഥാനത്തിലുള്ള മാസനിര്‍ണ്ണയത്തിന് പ്രസക്തിയില്ലെന്ന് പറയേണ്ടിവരും.

✍ന്യൂമൂണ്‍ സംഭവിച്ചതിന് ശേഷം ദൃശ്യമാകാത്ത ഒളിവില്‍ കഴിയുന്ന ചന്ദ്രനെ ഒരു മാസത്തിന്റെ തുടക്കമായോ ഒടുക്കമായോ എണ്ണാന്‍ നമുക്ക് നിര്‍വ്വാഹമില്ല. കാരണം, പത്ത് മാസം ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ പ്രായം എണ്ണുന്നത് പിറന്നുകഴിഞ്ഞത് മുതലാണല്ലോ. ഇത് പാടില്ല. കുട്ടി ഗര്‍ഭത്തിലിരിക്കുന്ന കാലംകൂടി പരിഗണിക്കണം എന്ന് ഏതെങ്കിലും പഞ്ചായത്ത് പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതേ യുക്തി മാസപ്പിറവിയുടെ വിഷയത്തിലും പരിഗണിച്ചാല്‍ മതി.

Post a Comment

0 Comments