തിരുദൂതർ ﷺ തങ്ങളുടെ ശിഷ്യനായ അബൂഹുറൈറ رضي الله عنه മരണാസന്നനായപ്പോള്‍ കരഞ്ഞുപോയി.എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം:
ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന് വിഷമിച്ചല്ല. ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണല്ലോ ഉള്ളത് എന്നോര്‍ത്താണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും. എവിടെക്കാണ് എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്’
പുണ്യങ്ങളുടെ പൂക്കാലം അവസാന ദിനങ്ങളിലേക്കെത്തുകയാണ്. സ്വര്‍ഗ പ്രാപ്തിയും നരകമുക്തിയും ചോദിച്ചു വാങ്ങേണ്ട ദിനരാത്രങ്ങള്‍.
ഇത്ഖുന്‍ മിനന്നാറിന്റെ യാമങ്ങള്‍. അധ്യാത്മിക ശ്രേഷ്ഠന്മാര്‍ ഈ ദിനങ്ങളില്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണ് ചെയ്തത്.
റമളാന്‍ വിട പറയുന്നതിന്റെ വേപഥു. അതിലേറെ, നാമെന്തു നേടിയെന്ന ആത്മവിചാരണയിലുള്ള പിടച്ചില്‍. പാപമോക്ഷത്തിനു വേണ്ടിയുള്ള അടക്കിപിടിച്ച തേങ്ങല്‍.
കത്തുന്ന വിശപ്പിനെ പ്രതിയല്ല, ആളുന്ന തീയെക്കുറിച്ചാണ് അവരുടെ വിചാരങ്ങള്‍ മഥിച്ചത്.
യസീദ്ബ്‌നു ലൈസ് സ്മരിക്കുന്നു: അന്ന് ഇമാം നിസ്‌കാരത്തില്‍ സൂറതു സല്‍സലയാണ് ഓതിയത്. ‘ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍…..,
ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍….,
ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍…..,’.
ഇമാമുല്‍ അഅ്‌ളം അബൂഹനീഫ رضي الله عنه പിറകിലുണ്ട്. നിസ്‌കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്‌നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്. ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.സുബ്ഹിക്കാണ് ഞാന്‍ വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി താടിക്ക് കൈ കൊടുത്ത് ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്
അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ… അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്റെ ശിക്ഷയും നല്‍കുന്നവനേ… നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ… നിന്റെ കാരുണ്യത്തിന്റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..’
ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ വിളക്കെടുക്കാനായില്ലേ?’
‘ സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു’എന്ന് ഞാന്‍ പറഞ്ഞു.
ഉടനെ അദ്ദേഹം: ‘നീ കണ്ടത് ആരോടും പറയരുത്’
പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്‌കരിച്ചു.
ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!! (താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)
യസീദ് ബിന്‍ മര്‍സദ് رضي الله عنه സദാ കരയുമായിരുന്നു. കണ്ണീരൊഴുക്കാത്ത ഒരു നേരവുമില്ല. ആരോ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ പാപം ചെയ്താല്‍ എല്ലാ കാലത്തും നിന്നെ ബാത്ത്റൂമിലിരുത്തും എന്നെങ്ങാനുമാണ് എന്റെ റബ്ബ് താക്കീത് ചെയ്തിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും അതിന്റെ അസഹ്യതയില്‍ തന്നെ ഞാന്‍ നിലക്കാതെ കണ്ണീര്‍ പൊഴിക്കും. അപ്പോള്‍പ്പിന്നെ, നരകാഗ്‌നിയിലിടുമെന്ന് പറഞ്ഞാലോ?! മൂവായിരമാണ്ട് കത്തിച്ചു കത്തിച്ചു പഴുപ്പിച്ചെടുത്തതാണത്.
ആയിരമാണ്ട് കത്തിച്ചപ്പോള്‍ അതിന്റെ നിറം തുടിക്കുന്ന ചുവപ്പായി. വീണ്ടും ആയിരം കൊല്ലം കത്തിച്ചപ്പോള്‍ തീ വെളുത്തു പോയി. പിന്നെയും ഒരു സഹസ്രാബ്ധം. അതു കറുത്തിരുണ്ടു. ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുപ്പാണ് നരകത്തിന്’ ( റൂഹുല്‍ബയാന്‍ 2/225).
നരകശിക്ഷ കഠോരമാണ്. ഐഹികലോകത്തെ അഗ്‌നിയെക്കാള്‍ എഴുപതിരട്ടി ചൂട്. കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍. കുടിക്കാന്‍ കുടലുകള്‍ എരിച്ചു കളയുന്ന ‘ഹമീം’ എന്ന പാനീയം.
കഴിക്കാൻഅതിദുര്‍ഗന്ധിയായ ‘സഖൂം’ മരത്തില്‍ നിന്നുള്ള ഭക്ഷണം. അങ്ങനെയങ്ങനെ ശിക്ഷയുടെ അഗ്‌നിക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും ഭീതിതരംഗങ്ങള്‍…
ശദ്ദാദ് ബിന്‍ ഔസ് رضي الله عنه ഉറങ്ങാന്‍ കിടന്നാല്‍ ഓര്‍ത്തോര്‍ത്ത് വറചട്ടിയിലിട്ട ധാന്യമണിയെപ്പോലെ എരിപൊരി കൊള്ളുമായിരുന്നത്രെ. എന്നിട്ട് ‘അല്ലാഹുﷻവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല’ എന്ന് പറഞ്ഞു പുലരുവോളം പ്രാര്‍ഥനാമഗ്‌നനായി കഴിയുമായിരുന്നു.
അങ്ങനെയുള്ള നരകത്തില്‍ നിന്ന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!! റമളാന്റെ അവസാനത്തെ പത്തു ദിവസങ്ങള്‍ നരകമുക്തിയുടെതാണ്.
കഴിഞ്ഞ് പോയതിനേക്കാള്‍ മൂല്യവത്തായ നാളുകള്‍. സീസണ്‍ നോക്കി നാം കൊയ്ത്തിന് ഇറങ്ങാറുണ്ട്. സമ്മേളനപ്പറമ്പില്‍ കച്ചവടം ചെയ്യുക, ചാകരയുണ്ടാകുമ്പോള്‍ വലയെറിയുക, മഴ നോക്കി വിത്തിറക്കുക തുടങ്ങിയവ ബുദ്ധിയുള്ളവര്‍ ചെയ്തുവരുന്ന കാര്യമാണ്. ആത്മീയ വിഷയത്തിലും ഇപ്പറഞ്ഞ സീസണും ആനുകൂല്യവും നമുക്കാവശ്യമില്ലേ? തീര്‍ച്ചയായും ഉണ്ട്.
മനുഷ്യശരീരം അമ്മാറതുന്‍ ബിസ്സൂഅ് ആണ്. സദാ പാപങ്ങള്‍ വന്നു പോകുന്ന പ്രകൃതിയാണ് അതിന്നുള്ളത്. ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും തിരുമേനി ﷺ തങ്ങൾ അരുളിയിട്ടുണ്ട്. തെറ്റുകളുടെ കയത്തില്‍ മുങ്ങിയാവരുത് നമ്മുടെ മരണം. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടിയാല്‍ പൊറുത്തു തരാമെന്ന് അല്ലാഹുﷻ വാക്ക് തന്നതാണ്.
കണ്ണീര്‍തുള്ളികള്‍ കൊണ്ട് വേണം പാപങ്ങളെ കഴുകിക്കളയാന്‍. രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റുള്ളവര്‍ സുഷുപ്തിയിലായിരിക്കുമ്പോഴും ചെയ്ത പാപങ്ങളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ നമുക്കാകണം. അല്ലാഹുﷻവിനെയോര്‍ത്ത്, വരാനിരിക്കുന്ന ശിക്ഷകളെ പ്രതിയോര്‍ത്ത് കരഞ്ഞ കണ്ണുകളെ നരകം സ്പര്‍ശിക്കില്ലെന്ന് നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ട്.
ഏകാന്തനായി അല്ലാഹുﷻവിനെ ഓര്‍ത്ത് കരഞ്ഞയാള്‍ക്ക് വിചാരണാദിവസം അര്‍ശിന്റെ തണലുണ്ട് എന്ന് മറ്റൊരു ഹദീസിലും കാണാം. ഇനിയുള്ള രാപ്പകലുകള്‍ അങ്ങനെയാവട്ടെ.
ആത്മാര്‍ത്ഥതയോടെ പാപമോചനം തേടുവാനും സ്വര്‍ഗപ്രാപ്തി വരിക്കുവാനും ഈ ദിവസങ്ങളുടെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ധൃതികാണിക്കുക. ഇനി വൈകാന്‍ നേരമില്ല.
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക അവസാനപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണ്.
ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ് ഖദ്‌റിന്റെ രാവ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.
മലക്കുകളും സച്ചരിതരായ ആത്മാക്കളും ആ രാവില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം സമാധാനം ആശംസിക്കപെടും. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് ലൈലതുല്‍ ഖദ്‌റില്‍ ആയിരുന്നുവെന്നുവെന്നും സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹുﷻ പറഞ്ഞിട്ടുണ്ട്.
0 Comments