📍ഫിത്ര് സക്കാത്തിന്റെ ഉദ്ദേശം
📍സക്കാത്ത് ബാധ്യതയുള്ളവര്‍
📍എന്തുകൊടുക്കണം
📍ഗള്‍ഫിലുള്ളവര്‍
📍എത്ര നല്‍കണം
📍രണ്ടു നിബന്ധനകള്‍
📍എപ്പോള്‍ നല്‍കണം
📍സക്കാത്ത് മുന്തിക്കാമോ
📍അവകാശികള്‍
📍വിതരണം എങ്ങിനെ
റമളാന്‍ അവസാന ഘട്ടത്തിലാണ്. ഇത്തരുണത്തില്‍ ഈദുല്‍ ഫിത്വറിന്റെ സുപ്രധാന ഭാഗവും ഏറെ പ്രാധാന്യമേറിയതും അതേ സമയം മിക്കവരും വിസ്മരിക്കുന്നതുമായ ഫിത്ര് സക്കാത്തിനെ കുറിച്ചുള്ള ചില കര്‍മ്മ ശാസ്ത്ര വശങ്ങള് ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കും...
ഹിജ്റ രണ്ടാംവര്‍ഷമാണ് ഫിത്ര് സക്കാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. നിബന്ധനകള്‍ക്ക് വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക് വേണ്ടി നല്കപ്പെടുന്ന വസ്തു എന്നാണ് ഫിത്ര് സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്ലാമിലെ ഖണ്ഡിത പ്രമാണമായ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ് ഈ സക്കാത്തെന്നു ഇബ്നു മുന്ദിര് (റ) ഉദ്ധരിച്ചിട്ടുണ്ട്...
(തുഹ്ഫ : 3/305)
എന്നാല്‍, മറ്റു സക്കാത്തുകള്‍ പോലെ തന്നെ ഫിത്ര് സകാത്തും ചില പണക്കാരുടെ മാത്രം ബാധ്യതയാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. വാസ്തവത്തില്‍ പെരുന്നാള്‍ ദിനത്തിലെ ചിലവ് കഴിച്ച് സ്വന്തമായി എന്തെങ്കിലും മിച്ചം വരുന്നവര്‍ക്കെല്ലാം ഈ സക്കാത്ത് ബാധകമാണെന്നാണ് യാഥാര്‍ത്ഥ്യം. പണ്ഡിതരും ഖാസിമാരും പലവുരു ഇക്കാര്യം ഉണര്‍ത്താറുണ്ടെങ്കിലും ചെറിയൊരു ശതമാനം വിശ്വാസികള്‍ ഇന്നും ഇതേ കുറിച്ച് ബോധവാന്മാരായിട്ടില്ലെന്നത് ഖേദകരമാണ്...
••••••┈┈┈┈•✿❁✿•┈┈┈┈••••••
📍ഫിത്ര് സക്കാത്തിന്റെ ഉദ്ദേശം
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഫിത്ര് സക്കാത്ത് കൊണ്ടുദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ, ശരീരവുമായി ബന്ധപ്പെട്ട ഒരു സക്കാത്തായതിനാല്‍ ഇവിടെ ധനമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള പരിഗണന ഈ സക്കാത്തിലില്ല.
ഇതര സക്കാത്തുകളുടെ നേട്ടമായി എടുത്തുപറയുന്ന ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥ എന്നതു ഇതുകൊണ്ടുള്ള ഉദ്ദേശവുമല്ല. മറിച്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇത് ബാധകമാണ്. ഇത് ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ശാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ് (റ) പ്രസ്താവിച്ചു: നിസ്കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ് വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമളാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്ര് സക്കാത്ത്. നോമ്പുകാരന് ശുദ്ധീകരണമാണ് ഫിത്ര് സക്കാത്തെന്ന നബിവചനം ഇതിനു ബലം നല്കുന്നു...
(തുഹ്ഫ : 3/305,ഫത്ഹുല്‍ മുഈന്‍ പേജ്:171)
ഇവിടെ നോമ്പില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഫിത്ര് സകാത്ത് നിര്‍ബന്ധമാക്കിയത് എന്ന ഉദ്ദേശ്യമല്ല, പ്രത്യുത, ഫിത്ര് സകാത്തു നല്‍കുന്നതിലൂടെ ഈ കാര്യവും കൂടി നടക്കുമെന്നുമാത്രം. ഇപ്രകാരം പണ്ഡിതന്മാര് വിശദീകരിച്ചിട്ടുമുണ്ട്. കാരണം നോമ്പില്ലാത്ത കുട്ടിക്കും ഫിത്ര് സക്കാത്ത് നിര്‍ബന്ധമാണല്ലൊ..!
📍സക്കാത്ത് ബാധ്യതയുള്ളവര്‍
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുക എന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്ന വേളയില്‍ താന്‍ ചെലവ് കൊടുക്കാന്‍ ശര്‍ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം.
റമളാന്‍ മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ് ഇത് നിര്‍ബന്ധമാക്കുന്ന വേള. ഈ സമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്ലിംകള് ആരെല്ലാമുണ്ടോ അവരുടെയെല്ലാം സക്കാത്ത് നല്‍കണം. അപ്പോള്‍ റമളാന്‍ അവസാന നാളിലെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ച് ജീവിക്കുന്നവര്‍ക്കേ ബാധ്യതവരൂ. പെരുന്നാള്‍ രാവ് പ്രവേശിച്ച ശേഷം ജനിച്ച കുഞ്ഞിന് വേണ്ടി സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സക്കാത്ത് ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു.
തന്റെശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്, മാതാവ്, വലിയമക്കള്‍, എന്നീക്രമത്തിലാണ് ചെലവ് ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. എല്ലാവരുടേതും നല്കാന് കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട് ഈക്രമത്തില്‍ മുന്‍ഗണന നല്‍കികൊടുക്കണം. ജോലിക്ക് കഴിവോ ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെമേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ് അവരുടേത് നല്കിയാല് തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടേയും നല്‍കണം. അതിന് വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത് നല്‍കണം.
ഭാര്യയുടെ സഹായത്തിന് വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സക്കാത്ത് നല്‍കേണ്ടതില്ല. ചെലവ് കൂടി കഴിച്ചാണ് വേതനം പറഞ്ഞതെങ്കില്‍ അവളുടേത് കൊടുക്കണം.
അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും (തന്നെആശ്രയിച്ച് കഴിയുന്ന വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും) ചെലവുകള്‍ കഴിച്ച് മിച്ചമുള്ളതില്‍ നിന്നാണ് സകാത്ത് നല്‍കേണ്ടത്. മിച്ചമെന്നാല്‍ ഭക്ഷ്യധാന്യം മാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേ, തനിക്ക് ജീവിതത്തിന് ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റു മിച്ചമുണ്ടാക്കി സകാത്തു നല്കല് ബാധ്യതയില്ല. പറമ്പ്, തോട്ടം പോലുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തു കൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്‍ മിക്ക കുടുംബങ്ങളും ഫിത്ര് സക്കാത്ത് നല്കാന് ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തുവകകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില് (ആകടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ച് മിച്ചം വേണം. എങ്കിലേ സകാത്ത് കൊടുക്കേണ്ടതുള്ളൂ.
📍എന്തുകൊടുക്കണം
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്. പലധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്കിയാലും വാങ്ങുന്നവര്‍ ഇഷ്ടപ്പെട്ടാലെ സാധുവാകുകയുളളൂ...
നമ്മുടെ നാട്ടിലെ മുഖ്യാഹാരം അരിയായതിനാല്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതും നല്‍കാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3/324) ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വില കൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്...
(നിഹായ 3/123, മുഗ്നി 1/407)
📍ഗള്‍ഫിലുള്ളവര്‍
വിദേശ രാജ്യങ്ങളിലുള്ളവര്‍ അവിടത്തെ മുഖ്യാഹാരം അവരുടെ സക്കാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സക്കാത്ത് നാട്ടിലെ മുഖ്യാഹാരവും നല്‍കണം.
നാട്ടിലുള്ള ചെലവ് നല്കല് നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സക്കാത്ത് നല്കാന് അവന് ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സക്കാത്ത് എന്ന നിലക്ക് അവന്റെ അരി വിതരണം ചെയ്താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത് മുഖേനയോ വക്കാലത്താക്കാം.
ഭര്‍ത്താവ് ഭാര്യയുടെ സക്കാത്ത് നല്കുന്നില്ലെങ്കില് ഭാര്യക്ക് തന്റെ സക്കാത്ത് നല്കല് നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സക്കാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ് കഴിഞ്ഞു പക്ഷെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള് തടസ്സം നില്ക്കുന്നില്ലെങ്കില് അവളുടെ സക്കാത്ത് അവളുടെ നാട്ടില്‍ അവന് നല്‍കണം. താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സക്കാത്തും നല്‍കണം.
📍എത്ര നല്‍കണം
ഒരാള്‍ക്ക് ഒരു സ്വാഅ് വീതമാണ് നല്‍കേണ്ടത്. ഒരു അളവു പാത്രമാണിത്. നബിﷺയുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക. അതിനാല്‍ നബിﷺയുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പുവരുന്നതു നല്‍കണം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കമനുസരിച്ച് കൃത്യംപറയാന് കഴിയില്ല. അരിയുടെ ഭാരവ്യത്യാസ മനുസരിച്ച് തൂക്കത്തിലും അന്തരം വരും. ചിലര്‍ ഒരുസ്വാഅ് രണ്ടര കി.ഗ്രാം വരുമെന്നും മറ്റു ചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
📍രണ്ടു നിബന്ധനകള്‍
സക്കാത്ത് നല്കുന്നവന് രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
✿ ഒന്ന് നിയ്യത്ത്:
തന്റെയും ആശ്രിതരുടേയും ഫിത്ര് സക്കാത്ത് നല്കുന്നു എന്ന് കരുതല്‍. സക്കാത്ത് നല്കുമ്പോഴോ അരി അളന്ന് വെക്കുമ്പോഴോ നിയ്യത്ത് ചെയ്യാം.
✿ രണ്ട്: അവകാശികള്‍ക്ക് നല്കല്:
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്കാന് വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സക്കാത്ത് നിര്ബന്ധമായവന് തന്നെ നിയ്യത്ത് ചെയ്യണം. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്ലിമിനെ സക്കാത്ത് നല്കാന് വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്. പ്രസ്തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച് കൊടുക്കല്‍ സക്കാത്ത് നിര്ബന്ധമായവന് നിര്‍ബന്ധമില്ല...
(ഇആനത്ത്:2/180)
📍എപ്പോള്‍ നല്‍കണം
ആരുടെ സക്കാത്താണോ നല്‍കുന്നത് അയാള്‍ സൂര്യാസ്തമയ സമയം എവിടെയാണോ ആനാട്ടിലെ അവകാശികള്‍ക്കാണ് നല്‍കേണ്ടത്. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക് നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബ്. എന്നാല്‍ ഒരുസ്ഥലത്ത് അവകാശപ്പെട്ട സക്കാത്ത് മറ്റൊരുസ്ഥലത്തേക്ക് നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്താവിച്ചതായി ഫതാവാ ഇബ്നിസിയാദില്‍ (പേജ് 234) ഉദ്ധരിച്ചിട്ടുണ്ട്.
പെരുന്നാള്‍ നിസ്കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കല്‍ സുന്നത്തുണ്ട്. എന്നാല്‍ സൂര്യാസ്തമയം വിട്ട് പിന്തിക്കരുത്. അത് കാരണമില്ലെങ്കില്‍ നിശിദ്ധമാണ്.
📍സക്കാത്ത് മുന്തിക്കാമോ
ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്ര് സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ ആഗതമായത് മുതല്‍ നല്‍കാവുന്നതാണ്. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന് വാങ്ങാനും നല്കിയവന് നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്.
അപ്പോള്‍, റമളാന്‍ മാസത്തില്‍ ഫിത്ര് സകാത്ത് വാങ്ങിയവന് ശവ്വാലാകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സക്കാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്താല്‍ നേരത്തെ നല്‍കിയത് സക്കാത്തായി പരിഗണിക്കില്ല.
📍അവകാശികള്‍
എട്ട് വിഭാഗത്തെയാണ് ഇസ്ലാം സക്കാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫഖീറുമാര്‍,
മിസ്കീന്മാര്,
സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍,
മോചനപത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട് വലഞ്ഞവര്‍,
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍.
എന്നിവരാണ് അവകാശികള്‍.
ഇവരില്‍ സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീ മൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മൂന്ന്പേര്‍ക്ക് നല്കിയാലും ബാദ്ധ്യത വീടുന്നതാണ്.
അവകാശികള്‍ മുസ്ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സക്കാത്ത് നീക്കം ചെയ്യാവതല്ലെന്നാണ് പ്രബലം.
അയല്‍വാസികള്‍ പരസ്പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില് അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അതേസമയം ഒരുത്തന് ധനികനാണെങ്കില്‍ അവനു സക്കാത്ത് നല്‍കലും ആരെങ്കിലും നല്കിയാല് അവന് സ്വീകരിക്കലും അനുവദനീയമല്ല. സക്കാത്ത് വാങ്ങുന്നവന് ഞാനിത് വാങ്ങാന്‍ അര്‍ഹനാണോയെന്ന് ആലോചിക്കണം.
സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ് കൊടുക്കല്‍ ബാദ്ധ്യതപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ് ഫഖീര്‍. ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്. സാധാരണ ജീവിതാവശ്യങ്ങള്‍ക്ക് വരുമാനം ഇപ്രകാരമാണോ എന്ന്നോക്കുക.
ഉദാഹരണമായി, ഒരാള്‍ക്ക് അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്. അതില്‍ നിന്നു ദിനേന 20 രൂപ ലഭിക്കുന്നു. ദിനംപ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു. വേറെ ഒരു വരുമാനവും ഇല്ല. ഇവന് ഫഖീറാണ്.
ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക് മതിയാകാതെ വരുന്നവനാണ് മിസ്കീന്. ദിനംപ്രതി 80 രൂപ ആവശ്യമുള്ളവന് അറുപതോ എഴുപതോ ആണ് നിത്യവരുമാനമെങ്കില്‍ അവന് മിസ്കീന്‍മാരില്‍പ്പെടുന്നു.
ഫഖീര്‍, മിസ്കീന് അല്ലാത്തവരാണ് ഗനിയ്യ് (ധനികന്) സക്കാത്ത് വാങ്ങല്‍ നിഷിദ്ധമായ ധനികന്. ഇമാം ഇബ്നുഹജര്‍(റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായികഴിഞ്ഞുകൂടാന്‍ വകയുള്ളവനാണ് ധനികന് (തുഹ്ഫ : 7/182, ഫത്ഹുല്‍ മുഈന്‍,പേജ് : 186). ശരാശരി വയസ്സ് എന്നത് കൊണ്ടുദ്ദേശം 60 - 70 വയസ്സാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു...
(തുഹ്ഫ :7/194)
സ്ഥലം, ബില്‍ഡിംഗ് പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട് ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്...
(തുഹ്ഫ : ശര്‍വാനി : 7/182)
ഇത്തരം മുതലാളിമാര്‍ക്ക് സക്കാത്ത് നല്കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചുവെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത് പോലും ഇവര്‍ക്ക് വിലക്കപ്പെട്ടതാണ്.
പിതാവ്, മക്കള്‍, ഭര്‍ത്താവ് എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ് വിഹിതം കൊണ്ട് മതിയാകുന്നവര്‍ക്ക് സക്കാത്തിന്റെ ഉടമ സക്കാത്ത് നല്കിയാല് സക്കാത്ത് വീടുകയില്ല. നിര്‍ബന്ധ ചെലവ് കൊണ്ട് തികയുന്നില്ലെങ്കില്‍ അവര്‍ക്ക് സക്കാത്ത് നല്‍കാവുന്നതാണ്. പിതാവിന് തന്റെ ഫിത്ര് സക്കാത്ത് ജോലിക്ക് കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വലിയ മകന് നല്‍കാവുന്നതാണ്. അതുപോലെ പ്രസ്തുത മകന്റെ സക്കാത്ത് താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത തന്റെ പിതാവിനും നല്‍കാം.
മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്ര് സക്കാത്ത് ഭര്‍ത്താവ് നല്‍കണം. അവിഹിത ബന്ധത്തിലൂടെ ജനിച്ച കുട്ടിയുടെ സക്കാത്ത് നല്‍കേണ്ടത് മാതാവാണ്...
(ഇആനത്ത് : 2/165)
📍വിതരണം എങ്ങിനെ
സക്കാത്ത് വിതരണത്തിന് മൂന്ന് രൂപങ്ങളാണ് ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
✿ ഒന്ന്: സക്കാത്ത് വിഹിതം അവകാശികള്‍ക്ക് ദായകന് നേരിട്ട് എത്തിക്കുക.
✿ രണ്ട്: അവകാശികള്‍ക്ക് എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക.
✿ മൂന്ന്: ഇസ്ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക.
ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച് സക്കാത്ത് ധനം പിരിച്ചെടുക്കുന്ന രീതി ഇസ്ലാമിലില്ല. മാത്രവുമല്ല, ഒരു വ്യക്തിയെ പ്രത്യേകം ഏല്‍പ്പിക്കാതെ (വക്കാലത്തില്ലാതെ) ഏതെങ്കിലും കമ്മറ്റിക്കു നല്കിയാല് സക്കാത്തിന്റെ ബാദ്ധ്യത ഒഴിവാകുകയുമില്ല.
0 Comments