ലൈലത്തുൽഖദർ:ചില സംശയങ്ങളും മറുപടിയും

❓ലൈലത്തുൽ ഖദറിൽ റഹ്മത്ത്ന്റെ മാലാഖമാർ പ്രവേശിക്കാത്ത പത്തു സ്ഥലങ്ങളിൽ പെട്ട ഒന്ന് ആണല്ലോ വലിയ അശുദ്ധിക്കാർ ഉള്ള വീട്. അപ്പോൾ ഹൈള്, നിഫാസ്‌ എന്നിവ ഉള്ള സ്ത്രീകൾ ഉള്ള വീട്ടിൽ ലൈലത്തുൽ ഖത്ർ കിട്ടില്ലേ?വലിയ അശുദ്ധിക്കാർ ആയത് ആരുടേയും കുറ്റം കൊണ്ട് അല്ലല്ലോ, മാത്രമല്ല അതിന്റെ സമയം തീരുന്നതിനു മുൻപ് ശുദ്ധി ആവാനും കഴിയില്ല. അപ്പോൾ ആ വീട്ടിലെ മറ്റുള്ളവർ ലൈലത്തുൽ ഖത്ർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?*
_മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ വലിയ അശുദ്ധിയുള്ളവരും ഹൈളുകാരിയും നിഫാസുകാരിയുമുള്ള വീട്ടിലേക്ക്റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല എന്ന ഹദീസിന്റെ താൽപര്യം എല്ലാ വലിയ അശുദ്ധിയുള്ളവരും എല്ലാ ഹൈളുകാരിയും എല്ലാ നിഫാസുകാരിയുമല്ല. പ്രത്യുത ജനാബത്തുണ്ടായിട്ട് അത് കുളിച്ചു ശുദ്ധിയാകുന്നതിനെ ഗൌരവത്തിലെടുക്കാതെ നടക്കൽ പതിവാക്കിയ വലിയ അശുദ്ധിക്കാരും ഹൈള് രക്തവും പ്രസവ രക്തവും മുറിഞ്ഞതിനു ശേഷം കുളിച്ചു ശുദ്ധിയാകാൻ അവസരമുണ്ടായിട്ടും അതിന് മുതിരാതെ അശുദ്ധിയിൽ തന്നെ കഴിയുന്ന ഹൈളുകാരിയും നിഫാസുകാരിയുമാണ് (ഹാശിയത്തുന്നസാഈ, ശറഹുൽ ജാമിഇസ്സ്വഗീർ). അതിനാൽ നമ്മുടെ വീടുകളിൽ ഈ വിധം അലംഭാവം കാണിക്കുന്നരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ലൈലത്തുൽ ഖദ്റിന്റെ അന്ന് ഇറങ്ങുന്ന പ്രത്യേക മലക്കുകളും അല്ലാത്ത ദിവസങ്ങളിലിറങ്ങുന്ന റഹ്മത്തിന്റേയും ഇസ്തിഗ്ഫാറിന്റേയുമൊക്കെ മലക്കുകളും നമ്മുടെ വീട്ടിലും ഇറങ്ങും إن شاء الله


❓ലൈലത്തുൽ ഖദ്റിൽ മലക്കുകൾ വരാത്ത ഒരു സ്ഥലമാണല്ലോ രൂപങ്ങളുള്ള സ്ഥലം. ചിത്രങ്ങളോ കുട്ടികൾ കളിക്കുന്ന ബൊമ്മ പോലയുള്ളവ മറച്ച് വെച്ചാൽ ഇത് തീരുമോ?*
_മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
 🅰️ ജീവനുള്ള വസ്തുക്കളുടെ രൂപങ്ങൾ ഉണ്ടാക്കലും നിന്ദ്യമായ രീതിയിലല്ലാതെ അഥവാ പരിഗണിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്ന രൂപത്തിൽ അവ സൂക്ഷിക്കലും ശക്തമായ ഹറാമും വൻദോശത്തിൽപ്പെട്ടതുമാണ്. അത്തരം വീടുകളിൽ ഖദ്റിന്റെ രാവിലടക്കം റഹ്മത്തിന്റെ മലക്കുകകൾ പ്രവേശിക്കില്ല. എന്നാൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അനുവദനീയമായതിനാൽ അവയുള്ള വീട്ടിൽ അനുഗ്രഹത്തിന്റെ മാലാഖമാർ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഇതാണ് പണ്ഡിതാഭിപ്രായം എന്ന് ഖാളി ഇയാള് (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.  അതേ സമയം ജീവിനുള്ള വസ്തുക്കളുടെ രൂപങ്ങളാണെങ്കിൽ അത്തരം കളിപ്പാട്ടങ്ങൾ പാടില്ലായെന്നും പല പണ്ഡിതന്മാർക്കും അഭിപ്രായമുള്ളതിനാൽ പരമാവധി  അത്തരം കളിക്കോപ്പുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ കുട്ടികൾ കളിച്ചു കഴിഞ്ഞാൽ കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ ഇട്ടു വെക്കുകയാണ് വേണ്ടത്. കളിപ്പാട്ടം എന്നതിലപ്പുറം പരിഗണനീയമായ വിധത്തിൽ വീട്ടിലെവിടെയും അത് സൂക്ഷിക്കരുത് (ഫത്ഹുൽ ബാരി, ശറഹു മുസ്ലിം, ശറഹുന്നസാഈ).

❓ലൈലത്തുൽ ഖദ്‌ർ റമളാനിൻറെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണല്ലോ.എന്നാൽ ഇന്ത്യക്കാർക്ക് രാത്രിയാവുമ്പോൾ അമേരിക്കക്കാർക്ക് ആ സമയം പകലായിരിക്കും.അത് പോലെ ഇതര രാജ്യക്കാർക്കൊരുപക്ഷേ അപ്പോൾ ഒറ്റയായ രാവുമായിരിക്കില്ല ..അപ്പോൾ വ്യത്യസ്ത രാജ്യക്കാർക്കായി ലൈലത്തുൽ ഖദ്ർ ആവർത്തിക്കപ്പെടുമോ??? ഒന്നു വിശദമാക്കിയാലും*
🅰️ ലൈലതുല്‍ ഖദ്റ് എന്നാല്‍ ഖദ്റിന്‍റെ രാത്രി എന്നാണ്. ലൈലത് എന്നാല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ ഫജ്റ് സ്വാദിഖ് വരെയുള്ള സമയം എന്നാണ്. അതിനാല്‍ ലൈലതുല്‍ ഖദ്റും സൂര്യാസ്തമയം മുതല്‍ ഫജ്റു സ്വാദിഖ് വരെയാണ്. ഖുര്‍ആന്‍, ഹദീസ്, തഫ്സീറുകള്‍, ഉലമാക്കളുടെ വിശദീകരണങ്ങള്‍ എന്നിവയില്‍ ഇത് വളരെ വ്യക്തവുമാണ്. മലക്കുകള്‍ വിശ്വാസികള്‍ക്ക് മുസ്വാഫഹത് നല്‍കുമെന്നും ഹദീസില്‍ കാണാം. ഈ മുസാഫഹത് എത്ര സമയം നീണ്ടു നില്‍ക്കും എപ്പോഴാണു അത് സംഭവിക്കുക എന്നു വ്യക്തമല്ല. പക്ഷേ, ആയിരം മാസത്തേക്കാള്‍ ഉത്തമമായത് എന്ന ബഹുമതി ആ രാത്രിക്കു മുഴുക്കെ ഉള്ളതാണ്. ഓരോ നാട്ടിലെയും അസ്തമയ-ഉദയ ക്രമങ്ങള്‍ക്ക് അനുസരിച്ച് അതതു നാട്ടിലെ സൃഷ്ടികള്‍ക്ക് ഇതിന്‍റെ ശ്രേഷ്ടതയും അനുഗ്രഹവും പ്രതിഫലവും നല്‍കപ്പെടുന്നതായിരിക്കും. അമേരിക്കയില്‍ രാത്രിയാകുന്ന സമയത്തായിരിക്കും അവര്‍ക്ക് ഈ രാത്രിയും അതിന്‍റെ ശ്രേഷ്ടതയും പ്രതിഫലവും ലഭിക്കുക. ആ സമയത് ഇന്ത്യയില്‍ പകലാണെങ്കിലും ശരി. അതുപോലെ ഇന്ത്യക്കാര്‍ക്ക് ഈ ശ്രേഷ്ടതയും പ്രതിഫലവും ഇന്ത്യക്കാരുടെ രാത്രി സമയത്തായിരിക്കും. (ശര്‍വാനി 3/462)

ലൈലതുല്‍ ഖദ്‍ര്‍ റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റരാത്രികളിലാണെന്ന് ഉറപ്പിക്കരുത്.  ആ സമയത്ത് കൂടുതല്‍ പ്രതീക്ഷിക്കുകയെന്ന് നബി (ﷺ) പറഞ്ഞിരിക്കുന്നു. അതനുസരിച്ച് ആ സമയങ്ങളിലാണ് എന്ന് ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു. അതല്ലാത്ത സമയങ്ങളിലും ഉണ്ടാവാമെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.._
ആമീന്‍
ദുആ വസ്വിയ്യത്തോടെ
എ.പി.റിയാസ് ഫൈസി ഐലാശ്ശേരി

Post a Comment

0 Comments