മഴയെ തേടുന്ന നിസ്കാരം

മഴയെ തേടുന്ന നിസ്കാരം

അതി പ്രധാനമായ സുന്നത്ത് നിസ്കാരങ്ങളിൽ ഒന്നാണ് മഴക്ക് വേണ്ടിയുള്ള നിസ്കാരം. ഇതിന് സ്വലാതുൽ ഇസ്തിസ്ഖാഅ് എന്നാണ് പറയുക... ഇസ്തിസ്ഖ എന്ന പദത്തിന് വെള്ളം തേടുക, കുടിക്കാനാവശ്യപ്പെടുക എന്നൊക്കെയാണർത്ഥം. മഴ നിന്നു പോവുകയും വെള്ളത്തിന് ക്ഷാമം നേരിടുകയും ചെയ്യുമ്പോഴാണിത് നിർവ്വഹിക്കേണ്ടത്. സ്വലാതുൽ ഇസ്തിസ്ഖാഇന്ന് ശേഷം രണ്ട് ഖുതുബ നിർവ്വഹിക്കലും സുന്നത്താണ്... മഴയെത്തേടുന്ന നിസ്കാരത്തിൽ ആദ്യത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം " سَبِّحِ اسْمَ رَبِّكَ الْأَعْلَى " എന്ന് തുടങ്ങുന്ന സൂറത്തും, രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷം " هَلْ أَتَاكَ حَدِيثُ الْغَاشِيَةِ " എന്ന് തുടങ്ങുന്ന സൂറത്തും ഓതുന്നതാണ് നല്ലത്... ഒന്നാം ഖുതുബയുടെ തുടക്കത്തിൽ *اَسْتَغْفِرُ اللهَ الَّذٖي لاَ اِلٰهَ اِلاّٰ هُوَ الْحَيُّ الْقَيُّومْ وَاَتُوبُ اِلَيْهِ* *(അസ്തഅഫിറുള്ളാഹല്ലദീ ലാഇലാഹ ഇല്ലാ ഹുവൽ ഹെയ്യുൽ ഖയ്യൂമു വഅതൂബു ഇലൈഹി)* എന്ന് ഒമ്പത് പ്രാവശ്യം ചൊല്ലേണ്ടതാണ്. രണ്ടാം ഖുതുബയുടെ തുടക്കത്തിൽ ഇതേ പ്രാർത്ഥന ഏഴ് പ്രാവശ്യമാണ് ചൊല്ലേണ്ടത്...   രണ്ടാം ഖുതുബ തുടങ്ങിയതിന് ശേഷം ദുആയുടെ സമയം ആകുമ്പോൾ ഖിബ്ലയുടെ നേരെ തിരിഞ്ഞ് സാവധാനം ശബ്ദമുയർത്തി ഓതണം. ഖിബ്ലയെ അഭിമുഖീകരിക്കുമ്പോൾ മേൽ വസ്ത്രത്തിന്റെ (തട്ടം) മുകൾഭാഗം ഇടതുഭാഗത്തേക്കും ഇടതുഭാഗം വലതുഭാഗത്തേക്കും വലതുഭാഗം താഴ്ഭാഗത്തേക്കും താഴ്ഭാഗം മുകൾഭാഗത്തേക്കും ആക്കിമാറ്റണം. നിസ്കാരത്തിന് സന്നിഹിതരായവരെല്ലാം ഇതു പ്രകാരം ചെയ്യണം... ഇസ്തിസ്ഖാഅ് നിസ്കാരത്തിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നോമ്പ് നോൽക്കുക, തെറ്റായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുക, ആരാധനാ കർമ്മങ്ങളിൽ മുഴുകി അല്ലാഹുﷻവോടടുക്കുക, ഇടപാടുകൾ തീർക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ഇമാം ജനങ്ങളെ ഉപദേശിക്കണം. നാലാം ദിവസം നോമ്പനുഷ്ഠിച്ചു കൊണ്ടും ഉള്ളതിൽ വെച്ച് ഏറ്റവും മുന്തിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും ഭയഭക്തിയോടു കൂടിയുമാണ് നിസ്കാരത്തിനായി മൈതാനത്തേക്ക് പോകേണ്ടത്. കുട്ടികളെയും വൃദ്ധൻമാരെയും നാൽക്കാലി മൃഗങ്ങളെയും കൂടെ കൊണ്ട് പോകണം. ഇതെല്ലാം പാലിച്ചു കൊണ്ടാണ് ഇസ്തിസ്ഖാഅ് നിസ്കാരം നിർവ്വഹിക്കേണ്ടത്... അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീന്‍

Post a Comment

0 Comments