തഹജ്ജുദ് നിസ്കാരത്തിന്‍റെ രൂപം

തഹജ്ജുദ് നിസ്കാരത്തിന്‍റെ രൂപം


രാത്രി ഉറങ്ങി എഴുന്നേറ്റതിനു ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്. ഉറക്ക് യാത്രയിലായാലും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്. ഇതില്‍ ജമാഅത് സുന്നതില്ല.
വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. അത്താഴ സമയത്ത് എണീറ്റ് നിസ്കാരവും പാപമോചനതേട്ടവും പ്രാര്‍ത്ഥനകളുമായി കൂടുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പ്രകീര്‍ത്തിച്ചതായി കാണാം.
ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, രാത്രിയിലുള്ള നിസ്കരാം ഒരിക്കലും ഉപേക്ഷിക്കരുത്. പ്രവാചകര്‍ അത് ഉപേക്ഷിച്ചിട്ടേ ഇല്ല. ക്ഷീണമോ അസുഖമോ അനുഭവപ്പെട്ടാല്‍ പ്രവാചകര്‍ ഇരുന്നിട്ടാണെങ്കിലും അത് നിര്‍വ്വഹിക്കാറുണ്ടായിരുന്നു.
ഇമാം ബൈഹഖി (റ) അസ്മാ ബിന്ത് യസീദ് (റ) വില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ കാണാം. ((ഖിയാമത് നാളില്‍ അല്ലാഹു ആദ്യമുള്ളവരെയും അവസാനമുള്ളവരെയും (മുഴുവന്‍ ജനങ്ങളെയും) ഒരുമിച്ചു കൂട്ടിയിട്ട് അല്ലാഹുവിനു ദിക്റില്‍ നിന്ന് കച്ചവടവും കളിതമാശകളും പിന്തിരിപ്പിക്കാത്തവര്‍ എവിടെ എന്നു വിളിച്ചു പറയും. അപ്പോള്‍ അവര്‍ എഴുന്നേല്‍ക്കും. അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീട് സന്തോഷ സമയത്തും സന്താപ സമയത്തും അവരുടെ റബ്ബിനെ സ്തുതിക്കുന്നവരവിടെ എന്നു വിളിച്ചു പറയും. അവര്‍ എഴുന്നേല്‍ക്കും. അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീട് ഉറക്കില്‍ നിന്നു് എഴുന്നേല്‍ക്കുന്നവര്‍ (തഹജ്ജുദ് നിസ്കരിക്കുന്നവര്‍) എവിടെ എന്നു വിളിച്ചു ചോദിക്കും. അവര്‍ എഴുന്നേല്‍ക്കും അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീടു മറ്റുള്ള എല്ലാവരുടെയും വിചാരണ തുടങ്ങും.))
ചുരുങ്ങിയത് രണ്ട് റകഅതാണ്. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാമെന്നാണ് ശാഫീ മദ്ഹബ്. ഹനഫീ മദ്ഹബ് പ്രകാരം പരമാവധി എട്ടും മാലികീ മദ്ഹബനുസരിച്ച് ഒരഭിപ്രായ പ്രകാരം പത്തും മറ്റൊരഭിപ്രായ പ്രകാരം പന്ത്രണ്ടുമാണ്. പരമാവധി പന്ത്രണ്ട് റക്അതേ നിസ്കരിക്കാവൂ എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം.
തഹജ്ജുദിനു അതിനു മുമ്പായി ഉറങ്ങണമെന്നത് നിബന്ധനയായിട്ടു തന്നെയാണ് ഫുഖഹാക്കള്‍ വിശദീകരിക്കുന്നത്. രാത്രിയില്‍ നിസ്കരിക്കുന്ന സുന്നത് നിസ്കാരങ്ങളാണ് ഖിയാമുല്ലൈല്‍. പലപ്പോഴും തഹജ്ജുദിനു പകരമായും ഖിയാമുല്ലൈല്‍ എന്നു പ്രയോഗിക്കാറുണ്ട്. രാത്രിയിലെ നിരുപാധിക സുന്നത് നിസ്കാരങ്ങള്‍ക്ക് ഉറങ്ങി എഴുന്നേല്‍ക്കല്‍ നിബന്ധനയില്ല.
തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്.
ഇശാ നിസ്കാര ശേഷം ഉറങ്ങി രാത്രിയുടെ അവസാന പകുതിയില്‍ എഴുന്നേറ്റ് വിത്റിനു മുമ്പായി തഹജ്ജുദ് നിസ്കരിക്കലാണ് ഉത്തമം. ഇശാഇന്‍റെ സമയത്ത് ഇശാ നിസ്കാരത്തിനു മുമ്പായി ഉറങ്ങിയാലും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്. (ഇശാ നിസ്കാരം അതിനു ശേഷം തഹജ്ജുദ് പിന്നെ വിത്റ് എന്ന ക്രമത്തില്‍). ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിച്ചിട്ടില്ലെങ്കില്‍, ഉണര്‍ന്ന ശേഷം അത് നിസ്കരിക്കുന്നതിലൂടെ തന്നെ തഹജ്ജുദിന്‍റെയും പ്രതിഫലം ലഭിക്കുമെന്നതാണ് പണ്ഡിതാഭിപ്രായം. പക്ഷേ, രാത്രി ഇശാഅ് നിസ്കരിക്കാതെ ഉറങ്ങല്‍ കറാഹത്താണ്.
തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. മേല്‍പറഞ്ഞവിധം വിത്റും തഹജ്ജുദും ചേര്‍ത്ത് നിസ്കരിക്കുന്നവര്‍ക്ക് അവസാന റക്അത് വിത്റ് പോലെ ഒറ്റയാക്കലും അവസാന മൂന്ന് റക്അതുകളില്‍ വിത്റിലെപോലെ സൂറതുല്‍ അഅലാ (സബ്ബിഹിസ്മ), കാഫിറൂന, ഇഖലാസ് എന്നിവ ഓതലും സുന്നതാണ്.
തഹജജുദില്‍ പാപമോചനത്തിനും മറ്റുമുള്ള ദുആകളാണ് കൂടുതലായി നടത്തേണ്ടത്. റസൂല്‍ (സ) ആ സമയത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇമാം ബുഖാരി ഉദ്ദരിച്ചതായി കാണാം,
اللَّهُمَّ رَبَّنَا لَكَ الحَمْدُ، أنْتَ قَيِّمُ السَّمَوَاتِ والأرْضِ وَمَنْ فِيهنَّ، وَلَكَ الحَمْدُ لَكَ مُلْكُ السَّمَوَاتِ والأرضِ وَمَن فيهن، وَلَكَ الحَمْدُ أنْت نُورُ السَّمَوَاتِ والأرْضِ ومَنْ فِيهنَّ، وَلَكَ الحَمْدُ أنتَ مَلِكُ السَّمَوَاتِ والأرضِ وَمَن فيهن، ولكَ الحَمدُ أنْتَ الحَقُّ، وَوَعْدُكَ الحَقّ، ولِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، والجَنَّةُ حَقٌّ، والنَّارُ حَقٌّ، ومُحَمَّدٌ حَقٌّ، والسَّاعَةُ حَقٌّ، اللَّهُمَّ لَكَ أسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وبِكَ خاصَمْتُ، وَإلَيْكَ حاكَمْتُ، فاغْفِرْ لي ما قَدَّمْتُ وَمَا أخَّرْتُ وَمَا أَسْرَرْتُ وَمَا أعْلَنْتُ، أنْتَ المُقَدِّمُ وأنْتَ المُؤَخِّرُ، لَا إلَهَ إلا أنتَ وَ لَا إِلهَ غَيْرُكَ ولا حولَ ولا قوةَ إلا بالله.
ദോഷങ്ങളില്‍നിന്ന് പൊറുക്കല്‍ തേടാനും പ്രാര്‍ത്ഥനകള്‍ വര്‍ദ്ദിപ്പിക്കാനുമായിരിക്കണം അതില്‍ പരമാവധി ശ്രദ്ധിക്കേണ്ടത്. പതിവാക്കിയവന് അത് കാരണമില്ലാതെ ഉപേക്ഷിക്കല്‍ കറാഹതാണ്.
ഫര്‍ള് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരവും വീട്ടില്‍ നിന്ന് നിസ്കരിക്കലാണ് ഉത്തമമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട് അങ്ങനെ വീട്ടില്‍ നിന്ന് നിസ്കരിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) പറയുന്നു: പള്ളിയില്‍ നിന്ന് ഫര്‍ള് നിസ്കരിച്ചാല്‍ ഒരു വിഹിതം നിങ്ങള്‍ വീട്ടിലുമാക്കുക, നിങ്ങളുടെ വീടുകളില്‍ നിസ്കാരം മൂലം അള്ളാഹു ധാരാളം നന്മകള്‍ സൃഷ്ടിക്കും. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: വീടുകളില്‍ നിന്നും നിങ്ങള്‍ നിസ്കരിക്കുക വീടുകളെ നിങ്ങള്‍ ഖബ്റുകളാക്കി മാറ്റരുത്.
ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ തഹജ്ജുദടക്കമുള്ള സുന്നത് നിസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രിയാഇല്ലാതിരിക്കാനും വീട്ടലും വീട്ടുകാരിലും ബറകതിനും വീട്ടില്‍ ശൈതാന്റെ ഉപദ്രവങ്ങളില്ലാതിരിക്കാനുമാണിത്.
വീട്ടില്‍ ഖിബ്‍ല തെറ്റാന്‍ സാധ്യതയുണ്ടെങ്കിലും വീട്ടിലേക്ക് പിന്തിപ്പിച്ചാല്‍ മടികാരണം നിസ്കാരമൊഴിവാക്കുമെന്ന് ഭയന്നാലും പള്ളിയില്‍ വെച്ച് തന്നെ നിസ്കരിക്കലാണുത്തമം.

തഹജ്ജുദ് നമുക്ക് നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ
*1)* ആഖിറത്തിലെ ഭയാനതകളെ കുറിച്ച് ചിന്തിക്കാതെ ദുനിയാവിന്റെ കാര്യങ്ങൾക്ക് മുൻഗണന നൽകൽ 
*2)* ഭൗതീക സംസാരം പാഴ്‌വാക്കുകൾ ഉച്ചത്തിലുള്ള സംസാരം എന്നിവയിൽ മുഴുകൽ
*3)* പകലിൽ കഠിനാധ്വാനം ചെയ്തു അവയവങ്ങൾ തളർത്തൽ 
*4)* ധാരാളം ഭക്ഷണം കഴിക്കൽ വർദ്ധിച്ച തീറ്റ ഉറക്കം ക്ഷണിച്ചു വരുത്തും... 
പ്രിയമുള്ളവരെ തഹജ്ജുദ് നമസ്കാരത്തിന് അള്ളാഹു തആലാ മഹത്തായ പ്രതിഫലം ആണ് ഒരുക്കി വെച്ചിരിക്കുന്നത് നാം അത് ഇവിടെ വെച്ച് തന്നെ ഒരുമിച്ച് കൂട്ടുകയാണെങ്കിൽ അത് നാളെ പടച്ചവന്റെ കോടതിയിൽ നമ്മുക്ക് ഒരു മുതൽ കൂട്ടാവും എന്ന കാര്യം മറക്കരുത്..!!!

Post a Comment

1 Comments

  1. അറബിൻ്റെ മലയാളം കിട്ടുമോ അക്ഷരം മറന്ന് പൊയി

    ReplyDelete